പാമ്പാടിയിലെ ജ്വല്ലറി മോഷണം; ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍

single-img
15 December 2022

കോട്ടയം ജില്ലയിലെ പാമ്പാടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസില്‍ പ്രാദേശിക ബിജെപി നേതാവ് അറസ്റ്റില്‍. കൂട്ടിക്കല്‍ ടോപ്പ് സ്വദേശിയായ അജീഷിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് അജീഷ്.

കേസിൽ പ്രതിയായ അജീഷിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു. പാമ്പാടിയിൽ ആശുപത്രി പടിക്കലിലെ കയ്യാലപ്പറമ്പില്‍ ജ്വല്ലറിയിലായിരുന്നു മോഷണം. ജ്വല്ലറിയിൽ എത്തിയ ശേഷം മാല വാങ്ങാനാണ്, കാണണമെന്ന് അജീഷ് കടയുടമയോട് ആവശ്യപ്പെട്ടു. രണ്ടു മാലകള്‍ നോക്കുന്നതിനിടെ ഉടമ കടയുടെ ഉള്ളിലേക്ക് പോയി. ഈ സമയത്ത് നാലു പവന്റെ രണ്ടു മാലകളുമായി അജീഷ് പുറത്തിറങ്ങി സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു.

മോഷണം നടന്നതായി അറിഞ്ഞതോടെ ജയകുമാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടർന്ന് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അജീഷിനെ പിടികൂടിയത്.കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കടബാധ്യതകള്‍ തീര്‍ക്കാനും മാതാപിതാക്കളെ പരിചരിക്കാന്‍ പണം കണ്ടെത്താനുമായിരുന്നു മോഷണമെന്ന് അജീഷ് പൊലീസിനോട് പറഞ്ഞു.