ജനനായകന്റെ റിലീസ് നീളും; യു/എ സർട്ടിഫിക്കറ്റ് ഉടൻ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ

തമിഴ് നടൻ വിജയ്‌യുടെ അവസാന ചിത്രം ജനനായകന്റെ റിലീസ് നീളുമെന്ന് ഉറപ്പായി . ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റ് ഉടൻ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു .
ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് താൽക്കാലികമായി തടഞ്ഞത്. തുടർന്ന് കേസ് ജനുവരി 21-ലേക്ക് മാറ്റി.
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പ്രതിസന്ധി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്.
ഈ സിനിമയിലെ രാഷ്ട്രീയ സൂചനകളും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് ജനനായകന് എതിരായ നീക്കത്തിനുപിന്നിലെ കാരണമെന്ന് ടിവികെ നേതാക്കൾ ആരോപിച്ചിരുന്നു. പൊങ്കൽ റിലീസ് ആയി എത്തേണ്ട ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ ആണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ രാഷ്ട്രീയ ആക്ഷൻ ത്രില്ലറിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.


