അരിക്കൊമ്ബനെ ചിന്നക്കനാലില്‍ നിന്ന് മാറ്റാന്‍ തീരുമാനം

single-img
31 March 2023

അരിക്കൊമ്ബനെ ചിന്നക്കനാലില്‍ നിന്ന് മാറ്റാന്‍ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.

കൊമ്ബനെ മയക്കുവെടി വെച്ച്‌ കൂട്ടിലടക്കേണ്ടെന്ന് ധാരണയായി. അരിക്കൊമ്ബനെ മറ്റേതെങ്കിലും ഉള്‍വനത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്. മദപ്പാട് മാറിയശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ മാറ്റണമെന്നും ശുപാര്‍ശ. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും പ്രാഥമിക ധാരണയായിട്ടുണ്ട്.

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതക്കുന്ന അരിക്കൊമ്ബനെ പിടികൂടുന്നത് വൈകുന്നതില്‍ ഇടുക്കിയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ദേവികുളം, ഉടുമ്ബന്‍ചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളില്‍ ഇന്നലെ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വിവിധ സ്ഥലങ്ങളില്‍ സമരക്കാര്‍ കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയും സിമന്റ് പലത്ത് റോഡും ഉപരോധിച്ചു. പൂപ്പാറയില്‍ വിനോദ സഞ്ചാരികളും സമരക്കാരും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി.

ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കും. കൊമ്ബനെ പിടികൂടാന്‍ തീരുമാനമാകും വരെയാണ് സമരം. അതേസമയം, പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ധര്‍ണ നടത്തും. അടുത്ത ദിസങ്ങളില്‍ അരിക്കൊമ്ബന്റെ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ ഉള്‍പ്പെടുത്തിയും സമരം തുടരാനാണ് തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദര്‍ശിച്ച്‌ വിലയിരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.