ഇസ്രായേലിൻ്റെ സമ്മർദമാണ് ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിച്ചത്; ട്രംപിന് രാജിക്കത്ത് നൽകി യുഎസിലെ ഉന്നത ഉദ്യോഗസ്ഥൻ

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസിൻ്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിൻ്റെ തലവൻ ജോസഫ് കെൻ്റ് രാജിവച്ചു. ഇറാൻ യുഎസിന് “ആസന്നമായ ഭീഷണി” ഉയർത്തുന്നില്ലെന്നും ഇസ്രായേലിൻ്റെ സമ്മർദമാണ് ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിച്ചതെന്നും കെൻ്റ് രാജിക്കത്തിൽ വ്യക്തമാക്കി.
ട്രംപ് ഭരണകൂടം ഇറാനിൽ നടത്തുന്ന യുദ്ധത്തെ പിന്തുണയ്ക്കാൻ “നല്ല മനസാക്ഷിയോടെ” തനിക്ക് കഴിയില്ലെന്ന് കെൻ്റ് രാജിക്കത്തിൽ പറയുന്നു. ഇറാനിലെ യുദ്ധം മൂലം രാജിവച്ച ആദ്യത്തെ പ്രധാന ട്രംപ് ഭരണകൂട ഉദ്യോഗസ്ഥനാണ് അദ്ദേഹം.
“ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ എനിക്ക് നല്ല മനസോടെ പിന്തുണയ്ക്കാൻ കഴിയില്ല. ഇറാൻ നമ്മുടെ രാജ്യത്തിന് ആസന്നമായ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഇസ്രായേലിൻ്റെയും അവരുടെ ശക്തമായ അമേരിക്കൻ ലോബിയുടെയും സമ്മർദം മൂലമാണ് ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണ്,” കെൻ്റ് രാജിക്കത്തിൽ പറയുന്നു.
മിഡിൽ ഈസ്റ്റിലെ യുദ്ധങ്ങൾ ജീവൻ അപഹരിക്കുകയും രാജ്യത്തിൻ്റെ സമ്പത്ത് ഇല്ലാതാക്കുകയും ചെയ്യുമെന്ന് 2025 ജൂൺ വരെ ട്രംപിന് അറിയാമായിരുന്നുവെന്നും അദ്ദേഹം തൻ്റെ കത്തിൽ അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധം പ്രോത്സാഹിപ്പിക്കുന്നതിനായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരും യുഎസ് മാധ്യമങ്ങളിലെ സ്വാധീനമുള്ള അംഗങ്ങളും തെറ്റിദ്ധാരണ പ്രചരിപ്പിച്ച് യുദ്ധാനുകൂല സാഹചര്യം ഉണ്ടാക്കിയെടുത്തതായും അദ്ദേഹം കുറ്റപ്പെടുത്തി.


