ഇസ്രയേൽ – ഹമാസ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകും: ജോ ബൈഡന്‍

single-img
27 February 2024

ഇസ്രയേലും ഹമാസും തമ്മിൽ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വരുന്ന തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ മറുപടി പറയുകയായിരുന്നു ബൈഡന്‍.

ഗാസയിൽ തുടരുന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ അമേരിക്കന്‍ വ്യോമ സേനയിലെ സജീവ പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം സ്വയം തീകൊളുത്തി മരിച്ച് മണിക്കൂറുകള്‍ക്കമാണ് ബൈഡന്റെ പ്രതികരണം വന്നത്.

ഉടൻ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന ബൈഡനെ സംബന്ധിച്ച് ഇസ്രേയല്‍-ഹമാസ് യുദ്ധം നീളുന്നതും രാഷ്ട്രീയപരമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. അതേസമയം ബന്ദികളെ മോചിപ്പിക്കുന്നതിന് വേണ്ടി ആഴ്ചകളോളം യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇസ്രയേലിന്റെ യുദ്ധ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു.

ഈ സമയം ഗാസയിലേക്ക് സഹായവുമായെത്തുന്ന നൂറുകണക്കിന് ട്രക്കുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കും. പട്ടിണിയും പോഷാകാഹാരക്കുറവ് മൂലമുള്ള മരണവും വര്‍ധിക്കുന്നതിനിടയിലും ഇസ്രയേലിന്റെ തുടരെയുള്ള വെടിവെപ്പ് കാരണം ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ഏജന്‍സി വടക്കന്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.