ഗാസയുടെമേൽ പൂർണ്ണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രയേൽ; വൈദ്യുതി, കുടിവെള്ള, ഭക്ഷണ വിതരണം തടഞ്ഞു

single-img
9 October 2023

ഇസ്രയേൽ – ഹമാസ് പോരാട്ടം ശക്തമാകുന്നതിനിടെ ഗാസയ്ക്ക് മേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രയേലി പ്രതിരോധ വകുപ്പ്. ഏകദേശം 23 ലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം, ഗ്യാസ് എന്നിവയുടെ വിതരണം നിലയ്ക്കും.

ഗസ്സയിലേക്ക് കനത്ത വ്യോമാക്രമണം നടത്തുന്നിതിടെയാണ് ഇസ്രയേല്‍ നിലപാടുകള്‍ കടുപ്പിക്കുന്നത്. “ഗാസയെ പൂർണമായും ഉപരോധിക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്. ഞങ്ങൾ ക്രൂരന്മാരോട് പോരാടുകയാണ്. അതനുസരിച്ചാകും പ്രതികരണം” ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ എഴുനൂറിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ 493 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.