കെകെ രമ പൊട്ടില്ലാത്ത കൈക്കാണ് ഈ പ്ലാസ്റ്റര്‍ ഇട്ടതെന്ന് ഇപ്പോ വ്യക്തമായില്ലേ; കെകെ രമയ്ക്കെതിരെ വിവാദ പരാമർശവുമായി എംവി ഗോവിന്ദന്‍


തിരുവനന്തപുരം: കെകെ രമ പൊട്ടില്ലാത്ത കൈക്കാണ് ഈ പ്ലാസ്റ്റര്‍ ഇട്ടതെന്ന് ഇപ്പോ വ്യക്തമായല്ലോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
കൈ പൊട്ടിയിട്ടുണ്ടോ ഇല്ലയോ എന്നറിയുന്നതിനായി ആധുനിക സമൂഹത്തിന് എല്ലാ സംവിധാനങ്ങളുമുണ്ട്. പിന്നെ അവിടെ കളവൊന്നും പറയേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
പ്രതിപക്ഷം എടുക്കുന്ന നിലപാടുകൊണ്ടാണ് നിയമസഭ സ്തംഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. അവര്‍ക്ക് നിയമസഭ കൂടണമെന്നില്ല. കാരണം പ്രതിപക്ഷത്തിന് യാതൊരു അജണ്ടയുമില്ല. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ മൂടിവെക്കാനുള്ള മറയായിട്ടാണ് അസംബ്ലിയില്‍ ഓരോദിവസവും ആക്രമങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്. അവര്‍ ശരിയായ രീതിയില്‍ സഭാ സംവിധാനത്തോട് യോജിച്ചുപോയാല്‍ പിന്നെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.
ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ജീര്‍ണമായ പദപ്രശ്‌നങ്ങളാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉപോയഗിക്കുന്നത്. രാഷ്ട്രീയത്തിന് പകരം വ്യക്തികളെ അധിക്ഷേപിക്കാനുളള ഫ്യൂഡല്‍ ജീര്‍ണതയുടെ പദപ്രയോഗങ്ങളല്ല ഉപയോഗിക്കേണ്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു.