കേരളത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ ഇ. ശ്രീധരൻ; പരിഹാസവുമായി ഗോവിന്ദൻ മാസ്റ്റർ

RRTS ഒരു “മണ്ടൻ തീരുമാനം” ആണെന്ന ഇ. ശ്രീധരന്റെ പരാമർശത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. “കേരളത്തിൽ മുഖ്യമന്ത്രി ആയിരുന്ന ആളല്ലേ ഇ. ശ്രീധരൻ” എന്ന പരിഹാസത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കെ-റെയിൽ ഉപേക്ഷിച്ചത് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനാലാണെന്നും അതിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. “കേരളത്തിന് കെ-റെയിൽ വേണ്ട, ശ്രീധരന്റെ അതിവേഗപാത മതി” എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നതെന്നും ഇതാണ് ഇരട്ടത്താപ്പെന്നും അദ്ദേഹം വിമർശിച്ചു. ശ്രീധരന്റെ പദ്ധതിയാണെങ്കിൽ അത് നടപ്പാകട്ടെ; കേരളത്തിന് അതിവേഗ റെയിൽ സംവിധാനമാണ് ആവശ്യമായതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
അതേസമയം, ബജറ്റ് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കേരളം മുന്നേറുമെന്ന നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യപത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന കരുതൽ ബജറ്റിലുണ്ടെന്നും ബിരുദ പഠനം സൗജന്യമാക്കിയ തീരുമാനം രാജ്യത്തിന് മാതൃകയാണെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
“ഞങ്ങളാണ് വീണ്ടും വരാൻ പോകുന്നത്. ബജറ്റിലെ നിർദേശങ്ങൾ ഞങ്ങൾ തന്നെ നടപ്പാക്കും. ഇത് അമിത ആത്മവിശ്വാസമല്ല, നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്,” എന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.


