പരസ്പര ആക്രമണങ്ങള്‍ നിർത്തിവെയ്ക്കുന്നതായി സ്ഥിരീകരിച്ച് ഇറാനും ഇസ്രയേലും

single-img
9 June 2026

ഇറാന് പിന്നാലെ പരസ്പര ആക്രമണങ്ങള്‍ നിർത്തിവെയ്ക്കുന്നതായി സ്ഥിരീകരിച്ച് ഇസ്രയേലും രംഗത്ത്. ട്രംപിന്റെ അഭ്യർഥന മാനിച്ച് ആക്രമണം അവസാനിപ്പിക്കുന്നു എന്നായിരുന്നു ചാനല്‍ 12 വഴിയുള്ള ഇസ്രയേലിന്റെ ഔദ്യോഗിക സ്ഥിരീകരണം.

അതേസമയം, ബെയ്റൂട്ട് ലക്ഷ്യമുള്ള സൈനിക നടപടിയുമായി ഇസ്രയേല്‍ മുന്നോട്ടുപോയാല്‍ തിരിച്ചടി കനത്തതായിരിക്കും എന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസം നീണ്ടുനിന്ന ആക്രമണങ്ങളില്‍ ഇറാനില്‍ 15 പേർക്ക് പരിക്കേറ്റതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ചൊവ്വാഴ്ച ലെബനന്‍ ഭരണകൂടവും, ഇസ്രയേലുമായുള്ള വെടിനിർത്തല്‍ ധാരണ തള്ളിയ, ഹിസ്ബുള്ള വടക്കന്‍ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണങ്ങളും, ബെയ്റൂട്ടിലെ ഇസ്രയേലിന്റെ തിരിച്ചടിയുമായിരുന്നു സംഘർഷങ്ങളുടെ തുടക്കം. ലെബനനിലെ നടപടി അവസാനിപ്പിക്കണമെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കി വന്ന ഇറാന്‍, ഒരു ഘട്ടത്തില്‍ അമേരിക്കയുമായുള്ള നയതന്ത്രചർച്ചകള്‍ നിർത്തിവെച്ച് നിലപാട് കടുപ്പിച്ചിരുന്നു. ഇതിനൊടുവിലായിരുന്നു ഇസ്രയേലിലേക്കുള്ള മിസെെലാക്രമണം. ഇറാനിലെ റഡാർ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണവും പ്രത്യാക്രമണത്തിന് പ്രകോപനമായി.

ഓപ്പറേഷന്‍ ഫർസ് എന്ന ഈ സെെനിക നടപടി ഒരാഴ്ച നീളും എന്നായിരുന്നു ഐആർജിസിയുടെ മുന്നറിയിപ്പ്. എന്നാല്‍ ട്രംപിന്റെ ഇടപെടലില്‍ താത്കാലികമായി ആക്രമണം അവസാനിപ്പിക്കുന്നതിന് വഴങ്ങുകയാണ് ഇരുപക്ഷവും. അതേസമയം, തെക്കന്‍ ലെബനനിലെ സൈനിക മുന്നേറ്റത്തില്‍ നിന്ന് പിന്മാറില്ലെന്നും, ഹിസ്ബുള്ള ആക്രമിച്ചാല്‍ തിരിച്ചടിക്കുന്നത് അവകാശമാണെന്നും ഇസ്രയേല്‍ ആവർത്തിക്കുന്നത് മുന്നോട്ടുള്ള ചർച്ചകളെ പ്രതിസന്ധിയിലാക്കുന്നു. ഇനി ബെയ്റൂട്ടില്‍ ആക്രമണമുണ്ടായാല്‍ തിരിച്ചടി കനത്തതായിരിക്കും എന്നാണ് ഐആർജിസിയുടെ മുന്നറിയിപ്പ്.