ഐപിഎൽ ഫൈനലിന്റെ വേദി മാറ്റി; ബംഗളുരു ഒഴിവാക്കാൻ കാരണം അറിയാം

ഐപിഎൽ 2026 സീസണിന്റെ അവസാനഘട്ട മത്സരങ്ങളുടെ വേദി നിശ്ചയിച്ച് ബിസിസിഐ. ഈ വർഷത്തെ ഫൈനൽ മത്സരത്തിന്റെ വേദിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ബംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. മെയ് 31ന് ആണ് ഫൈനൽ മത്സരം.
സാധാരണയായി ഐപിഎൽ ഫൈനൽ മത്സരങ്ങൾ നിലവിലെ ചാംപ്യൻ ടീമിന്റെ ഹോം ഗ്രൗണ്ടിലാണ് നടത്താറുള്ളത്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു കിരീടം നേടിയതിനാൽ ഈ വർഷം ചിന്നസ്വാമി സ്റ്റേഡിയം വേദിയായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. വേദി മാറ്റം ഔദ്യോഗികമായി ബിസിസിഐ പ്രഖ്യാപിച്ചതോടെ ആരാധകരും നിരാശയിലാണ്.
വേദി മാറ്റത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കർണാടക എംഎൽഎമാർക്കും എംപിമാർക്കും പ്രത്യേക ടിക്കറ്റ് വേണമെന്ന ആവശ്യവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് ഇതിൽ ആദ്യത്തേത്. പ്രാദേശിക അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ പ്രത്യേക ചില ആവശ്യങ്ങളുമായി ബിസിസിഐ സമീപിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും ബിസിസിഐയുടെ പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് വേദി മാറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ.


