മഹാരാഷ്ട്രയിൽ വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന് നേരെ മഷിയാക്രമണം; മൂന്നു പേർ അറസ്റ്റിൽ

single-img
11 December 2022

പുനെ: ഭൗറാവു പാട്ടീല്‍, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയവരെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന് നേരെ മഷിയാക്രമണം

മന്ത്രിയുടെ മുഖത്ത് മഷി എറിഞ്ഞ മൂന്ന് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചിഞ്ച്‌വാഡിലാണ് സംഭവം. സംഭവത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്കൂളുകള്‍ ആരംഭിക്കാന്‍ കര്‍മ്മവീര്‍ ഭൗറാവു പാട്ടീല്‍, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കര്‍ എന്നിവര്‍ ഭിക്ഷ യാചിച്ചെന്ന പരാമര്‍ശമാണ് മഷി പ്രയോഗത്തിന് കാരണം.

തനിക്കെതിരെ നടന്നത് രാഷ്ട്രീയ പ്രേരിത ആക്രമണമാണെന്നും എന്‍സിപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തെ അപലപിക്കുമോ എന്നും മന്ത്രി ചോദിച്ചു. നാഗ്പൂരില്‍ നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഡോ അംബേദ്കറിനെയും കര്‍മ്മവീര്‍ പാട്ടീലിനെയും കുറിച്ച്‌ അദ്ദേഹം പറഞ്ഞതിന്റെ അര്‍ഥം ആളുകള്‍ മനസ്സിലാക്കണം. ഈ പ്രമുഖരൊന്നും പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മഹത്തായ ലക്ഷ്യത്തിനായി സമൂഹത്തില്‍ നിന്നും ദാതാക്കളില്‍ നിന്നും ഫണ്ട് സമാഹരിച്ചു. അദ്ദേഹം ക്ഷമാപണം നടത്തി നിലപാട് വ്യക്തമാക്കിയതിന് ശേഷവും അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ച്‌ പ്രതിപക്ഷം അദ്ദേഹത്തെ ലക്ഷ്യമിടുന്നതായും ഉപമുഖ്യമന്ത്രി പറഞ്ഞു.

അംബേദ്കറും ഫൂലെയും പാട്ടീലും സ്‌കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഫണ്ടിനെ ആശ്രയിക്കാതെ സംഭാവന യാചിച്ചെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വെള്ളിയാഴ്ച വിവിധയിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധിച്ചു.

ശനിയാഴ്ച വൈകുന്നേരം മന്ത്രി ചിഞ്ച്‌വാഡിലെ മുന്‍ ബിജെപി കൗണ്‍സിലര്‍ മൊറേശ്വര്‍ ഷെഡ്‌ഗെയുടെ വീട്ടില്‍ പോയിരുന്നു. ഇവിടെ വെച്ചാണ് മഷിയാക്രമണം നടന്നത്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കെയായിരുന്നു പ്രതിഷേധം. പാട്ടീല്‍ ഷെഡ്‌ഗെയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍, പ്രതിഷേധക്കാരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ നേരെ പാഞ്ഞടുക്കുകയും മുഖത്ത് മഷി എറിയുകയും ചെയ്തു. മറ്റു രണ്ടുപേരും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് മൂവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ചിലര്‍ വീഡിയോ പകര്‍ത്തി. പ്രതിഷേധക്കാര്‍ മഷി എറിഞ്ഞപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും മന്ത്രി പറഞ്ഞു.