അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല; വെളിപ്പെടുത്തി സെബി

single-img
15 April 2023

ശതകോടീശ്വരൻ അദാനിയുടെ കീഴിലുള്ള കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന്‌ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). വിവരാവകാശ നിയമ പ്രകാരം കമ്പനിയിലെ നിക്ഷേപകരുടെയും തുകയുടെയും അടിസ്ഥാനത്തിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ വിശദാംശങ്ങളും എഫ്‌പിഒ റദ്ദാക്കാനുള്ള കാരണവും ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയ്ക്ക് മറുപടിയായാണ് സെബി ഈ വിവരം അറിയിച്ചത്.

അദാനിയുടെ കീഴിലുള്ള ഷെല്‍ കമ്പനികളില്‍ 20,000 കോടി രൂപ വളരെ പെട്ടെന്ന് എത്തിയെന്നും പണം എവിടെ നിന്ന് വന്നുവെന്നും ആരുടെ പണമാണിതെന്നും രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഈ കമ്പനികളില്‍ ചിലത് പ്രതിരോധ കമ്പനികളാണ്.

ഈ വിഷയത്തിൽ എന്തുകൊണ്ടാണ് പ്രതിരോധ മന്ത്രാലയം ചോദ്യം ചോദിക്കാത്തതെന്നും രാഹുൽ ഗാന്ധി ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുയർത്തിയിരുന്നു. അദാനിയുടെ ഷെൽ കമ്പനിയിൽ നിക്ഷേപം നടത്തിയവരുടെ വിശദവിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നു.