സംസ്ഥാനത്ത് പകര്‍ച്ച വ്യാധി വ്യാപനം രൂക്ഷമായി;പനിക്കിടക്കയില്‍ കേരളം, ഡെങ്കി – എലിപ്പനി ബാധ വ്യാപകം

single-img
18 June 2023

സംസ്ഥാനത്ത് പകര്‍ച്ച വ്യാധി വ്യാപനം രൂക്ഷമായി തുടരുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തില്‍ 11,329 പേര്‍ ഇന്നലെ പനിക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

രണ്ട് പേര്‍ പനി ബാധിച്ച്‌ മരിച്ചു. 48 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ച് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴായി. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേസി രാജനാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഴക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്ത് പരിസര ശുചീകരണവും ഉറവിട നശീകരണവും ഊര്‍ജിതമായി നടത്തിയെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെട്ടത്. മാരിയില്ലാ മഴക്കാലം എന്ന പേരില്‍ പ്രത്യേക ക്യാംപയിനും പ്രഖ്യാപിച്ചു. പക്ഷെ കാലവര്‍ഷക്കാലത്തിന്റെ തുടക്കം തന്നെ പനിക്കിടക്കയിലാണ് കേരളം.