ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് പാകിസ്ഥാന് വിവരങ്ങൾ കൈമാറി; പത്താൻകോട്ടിൽ നിർണായക അറസ്റ്റ്

single-img
22 May 2026

പഞ്ചാബിലെ പത്താൻകോട്ടിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് പാകിസ്ഥാന് വിവരങ്ങൾ കൈമാറിയ കേസിൽ നിർണായക അറസ്റ്റ്. പത്താൻകോട്ട്-ജമ്മു ദേശീയപാതയിൽ സൈനിക വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറ സ്ഥാപിച്ച ചക് ധരിവാൾ സ്വദേശി ബൽജിത് സിങ് എന്ന ബിട്ടുവിനെയാണ് പോലീസ് പിടികൂടിയത്.

ദേശീയപാത 44-ലെ ഒരു പാലത്തിന് സമീപമുള്ള കടയിൽ രഹസ്യമായി സ്ഥാപിച്ച ക്യാമറ വഴി സൈനിക ദൃശ്യങ്ങൾ തത്സമയം പാകിസ്ഥാനിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും എത്തിക്കുകയായിരുന്നു. ദുബായിൽ നിന്നുള്ള ഒരാളുടെ നിർദേശപ്രകാരം ജനുവരിയിൽ ഈ ക്യാമറ സ്ഥാപിച്ചുവെന്നും ഇതിനായി 40,000 രൂപ പ്രതിഫലം കൈപ്പറ്റിയെന്നും പ്രതി സമ്മതിച്ചു.

ഇയാളിൽ നിന്ന് ക്യാമറയും വൈഫൈ റൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. ബൽജിത് സിങ്ങിന് പുറമെ വിക്രംജിത് സിങ്, ബൽവീന്ദർ സിങ്, തരൺപ്രീത് സിങ് എന്നീ കൂട്ടാളികൾക്കെതിരെയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.