രാഹുൽ- ജഡേജ കൂട്ടുകെട്ട് തുണച്ചു; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

single-img
17 March 2023

ആസ്‌ട്രേലിയക്കെതിരായ നടക്കുന്ന ഏകദിന പരമ്പരയിൽ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഒരിക്കൽ 80 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി തകർച്ചയെ അഭിമുഖീകരിച്ച ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കെ എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്.

രണ്ടുപേരും ചേർന്ന് ആറാം വിക്കറ്റില്‍ രാജ്യത്തിനായി 108 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നേരത്തെ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിട്ട കെ.എല്‍ രാഹുലിന്‍റെ വന്‍തിരിച്ചുവരവാണിത്. ഇന്ത്യയുടെ മുന്‍ നിര ബാറ്റര്‍മാരൊക്കെ പെട്ടെന്ന് കളം വിട്ടപ്പോൾ അവസാനം വരെ ടീമിനെ ഒറ്റക്ക് തോളിലേറ്റിയ രാഹുല്‍ 95 പന്ത് നേരിട്ട് 75 റണ്‍സെടുത്തു.

ഇതോടൊപ്പം ജഡേജ 69 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 50 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് മുൻ നിര ബാറ്റർമാർ കൂടാരം കയറി. എന്നാൽ, 35 ഓവറിൽ 188 റൺസെടുക്കുന്നതിനിടെ മുഴുവൻ ഓസീസ് താരങ്ങളും പുറത്തായിരുന്നു.

മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. രണ്ടാം ഓവറിൽ ഓപ്പണർ ഇഷാൻ കിഷനെ വിക്കറ്റിന് മുന്നിൽ കുടുക്കി മാർകസ് സ്റ്റോയ്‌നിസാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. അഞ്ചാം ഓവറിൽ വിരാട് കോഹ്ലിയേയും സൂര്യകുമാർ യാദവിനേയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി സ്റ്റാർക്ക് ഇന്ത്യയെ ഞെട്ടിച്ചു..

അതേസമയം, ഇന്ത്യക്കായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. 81 റൺസെടുത്ത മിച്ചൽ മാർഷ് മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്.