ഐക്യരാഷ്ട്ര സഭയില്‍ റഷ്യ യ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ

single-img
11 October 2022

ന്യൂയോര്‍ക്ക്: യുക്രെയിനിലെ നാല് പ്രദേശങ്ങള്‍ നിയമ വിരുദ്ധമായി പിടിച്ചടക്കിയതിനെ അനുകൂലിക്കുന്നതിനുള്ള കരട് പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന റഷ്യയുടെ ആവശ്യത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ.

ഈ വിഷയത്തില്‍ പൊതു വോട്ടെടുപ്പ് വേണമെന്ന് മറ്റ് 100 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും അനുകൂലിച്ച്‌ വോട്ട് ചെയ്തു. ഇതോടെ റഷ്യയുടെ ആവശ്യം നിരസിക്കപ്പെട്ടു. 13 രാജ്യങ്ങള്‍ റഷ്യയെ അനുകൂലിച്ചപ്പോള്‍ ഇറാന്‍, ചൈന ഉള്‍പ്പെടെയുള്ള 39 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് റഷ്യ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

അതേസയമം, യുക്രെയിനിലെ വിവിധ നഗരങ്ങളില്‍ റഷ്യ മിസൈല്‍ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ക്രിമിയയും റഷ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം യുക്രെയിന്‍ തകര്‍ത്തെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് കീവിലും മറ്റ് നഗരങ്ങള്‍ക്കും നേരെ മിസൈല്‍ ആക്രമണം നടത്തിയത്. രാജ്യം ഭീകരപ്രവര്‍ത്തകരെ നേരിടുകയാണെന്നും ഡസന്‍ കണക്കിന് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിരുന്നു. രാജ്യത്ത ഊര്‍ജ സംവിധാനവും ജനങ്ങളുമാണ് അവരുടെ ലക്ഷ്യമെന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. റഷ്യ ഭൂമിയില്‍ നിന്ന് യുക്രെയിനെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നും സെലന്‍സ്‌കി ആരോപിച്ചിരുന്നു. മിസൈലാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി യുക്രെയിന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് യുക്രെയിന്‍ തലസ്ഥാനത്ത് റഷ്യന്‍ ആക്രമണം ഉണ്ടാവുന്നത്. ജൂണ്‍ 26നായിരുന്നു അവസാനമായി ആക്രമണം നടന്നത്.