ഹരിത കർമ്മ സേനയുടെ വരുമാനവർധനവ്; നവീന സംരംഭ മാതൃകകൾ കുടുംബശ്രീ വഴി നടപ്പിലാക്കും : മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഹരിത കർമ സേന അംഗങ്ങളുടെ സംഗമം കൊട്ടാരക്കരയിലെ അനോറ ഹെറിറ്റേജ് ഹോട്ടലിൽ സംഘടിപ്പിച്ചു. ഹരിത കർമ സേനയുടെ വരുമാന വർധനവിനായി കുടുംബശ്രീ വഴി ഹരിതകർമസേനക്ക് പുത്തൻ സംരംഭ സാധ്യതതകൾ സൃഷ്ടിക്കുമെന്നും ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. നവകേരള നിർമിതിയിൽ ഹരിത കർമ സേന അംഗങ്ങളുടെ പങ്ക് അഭിമാനാർഹം ആണെന്നും ഹരിത കർമ സേന ചെയ്യുന്ന നിസ്തുല സേവനത്തെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു .
കൊട്ടാരക്കര, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 300 ഹരിത കർമ സേന അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘടനത്തിന് ശേഷം ധനമന്ത്രി ഹരിത കർമ സേന അംഗങ്ങളുമായി നേരിട്ട് സംവദിക്കുകയും അവരുടെ പ്രവർത്തനങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് മാലിന്യ മുക്ത നവ കേരള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഹരിത കർമ സേനയുടെ സേവനം ഏറ്റവും സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹരിത കർമ സേന അംഗങ്ങൾക്ക് ഈ.എസ്.ഐ, പി.എഫ് തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ആണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഹരിത കർമ സേന അംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി ആറുമാസത്തിൽ ഒരിക്കൽ ആരോഗ്യ പരിശോധനയും മറ്റ് ആവശ്യമായ സംവിധാനങ്ങളും ഒരുക്കണമെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർദേശം നൽകുമെന്നും ഹരിത കർമ സേന അംഗങ്ങളുടെ ജോലി ഭാരം കുറയ്ക്കാൻ മൂവിങ് ട്രോളി പോലുള്ള ആശയങ്ങൾ ചർച്ചയിൽ ആണ് എന്നും ഓരോ ഹരിത കർമ സേന അംഗങ്ങൾക്കും ഏറ്റവും കുറഞ്ഞത് 20000 രൂപ ലഭ്യമാക്കുന്നതിനായി വിവിധ സംരംഭ പ്രവർത്തനങ്ങളെ പറ്റിയും അദ്ദേഹം വിശദീകരിച്ചു.
കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷത വഹിച്ചു ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ സ്വാഗതവും ആശംസിച്ചു. സ്റ്റാർട്ട് അപ് മിഷൻ സി ഇ ഓ അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ കൊല്ലം അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ രതീഷ് കുമാർ, ജിനേഷ് എന്നിവർ ആശംസകൾ അറിയിച്ചു. മാസ്റ്റർ ട്രെയിനർ വസന്ത് കൃഷ്ണൻ, ടോക്കോ ഫൗണ്ടർ രേഷ്മ എസ്, അർബൻ ട്രാഷ് ഫൗണ്ടർ താജുദ്ധീൻ അബൂബക്കർ എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഹരിത കർമ സേന അംഗങ്ങളുമായി സംവദിച്ചു.
മൈക്രോ എന്റർപ്രൈസ് ജില്ലാ പ്രോഗ്രാം മാനേജർ വിഷ്ണു പ്രസാദ്, സിറ്റി മിഷൻ മാനേജർ അജിത് കുമാർ, ഹരിത കർമ സേന ജില്ലാ കോ ഓർഡിനേറ്റർ വിനീത് സി ഡി എസ് ചെയർപേഴ്സൺമാരായ ബിജി ഷാജി, ശ്രീജ, ജയലക്ഷ്മി, അനിത ലാൽ, ലേഖ എസ് എന്നിവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ആര്യ, രേവതി എന്നിവർ പങ്കെടുത്തു


