ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

single-img
28 March 2024

ചന്ദനത്തോപ്പ് ഐടിഐയിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു . എൻഡിഎയുടെ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്.

എബിവിപി, എൻഡിഎ മണ്ഡലം കമ്മിറ്റി എന്നിവർ നൽകിയ പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞത് എസ്എഫ്ഐ- എബിവിപി സംഘർഷത്തിനിടയാക്കുകയായിരുന്നു. കായിക മേളയിലെ വിജയികൾക്കും വിരമിക്കുന്ന പ്രധാന അധ്യാപകനും ക്യാമ്പസിനകത്ത് എബിവിപി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ എൻഡിഎ സ്ഥാനാർത്ഥി പങ്കെടുക്കുന്നതിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം.

സ്റ്റേജിൽ കയറാൻ കൃഷ്ണകുമാറിനെ അനുവദിക്കാതെ കൈ കോർത്ത് തടഞ്ഞ് പ്രതിഷേധിച്ച് എസ്എഫ്ഐ രം​ഗത്തെത്തിയതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി. പിന്നീട് സ്റ്റേജിനകത്തും ക്ലാസ് വരാന്തയിലും വരെയെത്തി കൂട്ടത്തല്ല്. ഒടുവിൽ അധ്യാപകരെത്തിയാണ് വിദ്യാർത്ഥി സംഘർഷം അവസാനിപ്പിച്ചത്. പ്രിൻസിപ്പാളിന് അനുമോദനവും വോട്ടഭ്യർത്ഥനയും നടത്തി സ്ഥാനാർത്ഥി മടങ്ങുകയും ചെയ്തു.