പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

single-img
3 November 2022

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ലോംഗ് മാർച്ചിനിടെ പാകിസ്ഥാനിലെ ഗുർജൻവാലയിൽ വെച്ചാണ് ഇമ്രാന് വെടിയേറ്റത്. വലതുകാലിലാണ് പരിക്ക്. പരിക്ക് സാരമുള്ളതല്ല എന്നാണു പ്രാഥമിക വിവരം. ഇമ്രാൻ ഖാനെ സുരക്ഷിത മേഖലയിലേക്ക് മാറ്റി.

ഇമ്രാൻ ഖാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായിരുന്നു അക്രമം ഉണ്ടായതു. ഇമ്രാൻ ഖാന് നാലുവെടിയുണ്ടകളേറ്റുവെന്നാണ് പാർട്ടി വൃത്തങ്ങള്‍ പറയുന്നത്. വെടിയേറ്റ ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ അദ്ദേഹത്തെ കവചിത വാഹനത്തിലേക്ക് കയറ്റുകയും ചികിത്സാ സൗകര്യങ്ങളുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

ഇമ്രാന്റെ മാനേജർ ഉൾപ്പെടെയുള്ളവർക്ക് വെടിവയ്പ്പിൽ പരുക്കേറ്റു. പതിനഞ്ചോളം പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. അക്രമിയെ പൊലീസ് പിടികൂടി എന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്‌ലാമാബാദിൽ ഫെഡറൽ ഗവൺമെന്റിനെതിരെ ഇമ്രാൻഖാന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടന്നുവരികയാണ്. ഒക്‌ടോബർ 28നാണ് ഖാൻ തന്റെ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ ഇസ്ലാമാബാദിൽ എത്തേണ്ടതായിരുന്നു.