തനിക്കുനേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ പാക് പ്രധാനമന്ത്രിയടക്കം ഉന്നതര്‍ക്കെതിരെ ആരോപണങ്ങളുമായി ഇംറാന്‍ ഖാന്‍

single-img
4 November 2022

ഇസ്‌ലാമാബാദ്: തനിക്കുനേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ പാക് പ്രധാനമന്ത്രിയടക്കം ഉന്നതര്‍ക്കെതിരെ ആരോപണങ്ങളുമായി ഇംറാന്‍ ഖാന്‍.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി, മുതിര്‍ന്ന ഐ.എസ്.ഐ ജനറല്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് തനിക്ക് നേരെ വെടിയുതിര്‍ത്ത ആക്രമണം നടന്നതെന്ന് ഇംറാന്‍ കരുതുന്നതായി പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫിന്‍റെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.

തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ഇത് ദൈവം തന്ന രണ്ടാം ജന്മമാണെന്നായിരുന്നു വെടിയേറ്റ ശേഷം ഇംറാന്‍റെ ആദ്യ പ്രതികരണം. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം, ഇംറാനു നേരെ വെടിയുതിര്‍ത്ത അക്രമിയെ കീഴ്പ്പെടുത്തിയ പ്രവര്‍ത്തകനെ അഭിനന്ദിച്ച്‌ ഇംറാന്‍റെ മുന്‍ഭാര്യ ജമൈമ ഗോള്‍ഡ്സ്മിത്ത് രംഗത്തെത്തി. യുവാവ് ഹീറോയാണെന്ന് ജമൈമ ട്വിറ്ററില്‍ കുറിച്ചു.

ഇംറാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‍രീകെ ഇന്‍സാഫ് നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ ലോങ് മാര്‍ച്ചിനെ വസീറാബാദില്‍വെച്ച്‌ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. 70കാരനായ ഇംറാന്‍റെ വലതു കാലിനാണ് പരിക്കേറ്റത്. അടുത്ത അനുയായിയടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ശേഷവും അനുയായികളെ അഭിവാദ്യം ചെയ്താണ് ഇംറാന്‍ ആശുപത്രിയിലേക്ക് പോയത്.