അനധികൃതമായി ഓടുന്ന സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഒരു മാസം ഉണ്ടാക്കുന്നത് 30 കോടി രൂപയുടെ വരുമാനനഷ്ടം

single-img
20 March 2023

ദേശസാത്കൃത പാതകളില്‍ ഉള്‍പ്പെടെ അനധികൃതമായി ഓടുന്ന സ്വകാര്യബസുകള്‍ (കോണ്‍ട്രാക്റ്റ് കാര്യേജുകള്‍) കെ.എസ്.ആര്‍.ടി.സി.ക്ക് ഒരു മാസം ഉണ്ടാക്കുന്നത് 30 കോടി രൂപയുടെ വരുമാനനഷ്ടം.

ജില്ലാകേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ നാനൂറിലധികം സ്വകാര്യബസുകള്‍ രാത്രി ഓടുന്നുണ്ട്. ഒരു ബസിന് ശരാശരി 30,000 രൂപയ്ക്ക് മേല്‍വരുമാനമുണ്ട്.
ഓണ്‍ലൈനിലും ഏജന്‍സികളും വഴിയാണ് അനധികൃത സ്വകാര്യബസുകളുടെ ടിക്കറ്റ് വില്‍പ്പന. ഇവരുടെ ഏജന്റുമാര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡുകള്‍ക്കുള്ളില്‍ കടന്ന് യാത്രക്കാരെ വിളിച്ചുകയറ്റുന്നുമുണ്ട്. അംഗീകൃത ഏജന്‍സികള്‍ക്കുപോലും ബസ്റ്റാന്‍ഡുകള്‍ക്ക് 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. യാത്രക്കാരെ സംഘമായി കൊണ്ടുപോകാനാണ് കോണ്‍ട്രാക്റ്റ് കാര്യേജുകള്‍ക്ക് അനുമതിയുള്ളത്.

എന്നാല്‍, റൂട്ട് ബസുകളെപ്പോലെ വഴിക്ക് നിര്‍ത്തി യാത്രക്കാരെ കയറ്റി ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് അനധികൃത സ്വകാര്യബസുകള്‍ ഓടുന്നത്. അന്തസ്സംസ്ഥാന പാതകളിലെ ആഡംബരബസുകള്‍ നിയമവിരുദ്ധമാണെങ്കിലും പെര്‍മിറ്റ് വ്യവസ്ഥയിലെ സങ്കീര്‍ണതകാരണം ഇവയ്ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് പരിമിതിയുണ്ട്.

എന്നാല്‍, സംസ്ഥാനത്തിനുള്ളില്‍ എവിടേക്കും ദീര്‍ഘദൂര ബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്കും സ്വിഫ്റ്റിനും കഴിയും. സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ ഫസ്റ്റ് ഓണര്‍ നിയമപ്രകാരം അനുമതി കെ.എസ്.ആര്‍.ടി.സി.ക്ക് മാത്രമാണ്. ദേശസാത്കൃത പാതകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാറില്ല.