വന്‍കിട പദ്ധതികളും ക്ഷേമ പദ്ധതികളും ഉണ്ടാകണമെങ്കില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനങ്ങളോട് ആത്മാര്‍ത്ഥയുള്ള സര്‍ക്കാര്‍ കേരളത്തിലുണ്ടാകണം : കെസി വേണുഗോപാല്‍

single-img
30 January 2026

കേരള സര്‍ക്കാരിന്റെ പുതുതായി പ്രഖ്യാപിച്ച തിരുവനന്തപുരം – കാസര്‍കോട് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി തമാശയാണെന്നും കേന്ദ്രാനുമതി ലഭിക്കുന്നതിന് മുന്‍പായാണ് ഇത് പ്രഖ്യാപിച്ചതെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

നേരത്തെ കേന്ദ്ര അനുമതി ലഭിക്കുന്നതിന് മുന്‍പെ കെ-റെയില്‍ പ്രഖ്യാപിച്ചു. വികസനം നടത്തുന്നു എന്ന് പ്രഖ്യാപനം നടത്തിയിട്ട് കാര്യമില്ല. ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ ജനം അതില്‍ വീഴുമെന്നത് തെറ്റിധാരണയാണ്. കൃത്യമായ ഗൃഹപാഠം നടത്തിയിട്ട് വേണം വികസന പദ്ധതികള്‍ നടപ്പാക്കാന്‍. ഹൈ സ്പീഡ് റെയില്‍വേ വരാന്‍ പോകുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ഇ. ശ്രീധരന്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി എന്നും കേട്ടപ്പോള്‍ തന്നെ ബജറ്റില്‍ പ്രഖ്യാപനം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയിട്ടുള്ളതാണ്. വന്‍കിട പദ്ധതികളും ക്ഷേമ പദ്ധതികളും ഉണ്ടാകണമെങ്കില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനങ്ങളോട് ആത്മാര്‍ത്ഥയുള്ള സര്‍ക്കാര്‍ കേരളത്തിലുണ്ടാകണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഇടതുമുന്നണിയുടെ പ്രകടനപത്രിക എന്നതിനപ്പുറം ബജറ്റിന് ഒരു പ്രധാന്യവുമില്ല.അഞ്ചു വര്‍ഷം മുന്‍പ് അവര്‍ ഇറക്കിയ പ്രകടനപത്രികയില്‍ 2500 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. അത് നല്‍കാത്ത അവര്‍ ഇപ്പോള്‍ ഈ ബജറ്റിലൂടെ മറ്റൊരു പ്രകടനപത്രിക കൂടി പുറത്തിറക്കി എന്നതിനപ്പുറം ഇതില്‍ എന്താണ് കാര്യമുള്ളതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. ഇത് വെറും പൊള്ളയായ ബജറ്റാണ്. ബജറ്റിലൂടെ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുള്ള ഒരു പ്രകടനപത്രിക ബജറ്റിലൂടെ റിലീസ് ചെയ്യുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ശമ്പള പരിഷ്‌കരണം നടപ്പിലാക്കണം എന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ അതിന്റെ നടപടിക്രമങ്ങളെങ്കിലും പൂര്‍ത്തിയാക്കിയിട്ട് വേണമായിരുന്നു അത് പ്രഖ്യാപിക്കാന്‍. അടുത്ത സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്. എം.സി. റോഡ് നാലുവരി പാതയാക്കുമെന്ന് നാലു വര്‍ഷം മുന്‍പും ഇതേപോലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നാലു കൊല്ലം മുന്‍പ് പ്രഖ്യാപിച്ച അതേ കാര്യം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും പ്രഖ്യാപിക്കുകയാണ്. ഇത്തരം പ്രഖ്യാപനങ്ങളില്‍ ഒരു പുതുമയുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.