പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കും; മോദി മത്സരിച്ചാലും ഞാൻ ജയിക്കും: ശശി തരൂർ

single-img
23 September 2023

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് താൻ തന്നെ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്ന് ശശി തരൂർ പറഞ്ഞു.

നിലവിൽ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും തരൂർ കൂട്ടിച്ചേർത്തു. പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോൾ മനസ് മാറി. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

അതേസമയം, മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താൻ ജയിക്കും എന്നായിരുന്നു തരൂരിന്റെ മറുപടി. ‘തിരുവനന്തപുരത്ത് മത്സരിക്കാൻ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. പാർലമെന്റ് വേണോ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ, ദേശീയ സാഹചര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തി. പാർട്ടി തീരുമാനിച്ചാൽ തിരുവനന്തപുരത്ത് മത്സരിക്കും’, തരൂർ കൂട്ടിച്ചേർത്തു.

നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആലോചന ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടി ആണ് തരൂർ നൽകിയത്. ‘രാഷ്ട്രീയത്തിൽ മൂന്ന് വിധത്തിൽ തിരഞ്ഞെടുപ്പുണ്ട്. പല സമയങ്ങളിലാണ് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ. ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കും. അപ്പോഴത്തെ സാഹചര്യം നോക്കി കാര്യങ്ങൾ തീരുമാനിക്കും’, അദ്ദേഹം പറഞ്ഞു.