സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി ഞാന്‍ എല്ലാം പറയും; അത് അവന്റെ അന്ത്യംകുറിക്കും: രാജ്‌മോഹൻ ഉണ്ണിത്താൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് നേരിടുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. തന്റെ നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ മാർക്സിസ്റ്റ് പാർട്ടിയോ ബിജെപിയോ ഇല്ലെന്നും, അതിന് നേതൃത്വം നൽകുന്നത് ആര് എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ ആക്രമണം തുടർന്നാൽ പല കാര്യങ്ങളും പൊതുവിൽ വെളിപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ണിത്താൻ നൽകി. “കോൺഗ്രസിലെ വ്യക്തിത്വമുള്ളവരെ സൈബർ ആക്രമണത്തിലൂടെ മൗനം പാലിപ്പിക്കാനുള്ള ശ്രമമാണെങ്കിൽ, അത് ഞാൻ സമ്മതിക്കില്ല. എന്നെ പറയിപ്പിക്കരുത്. ആ വ്യക്തിയുടെ മുഴുവൻ ചരിത്രവും എനിക്കറിയാം. ആക്രമണം തുടർന്നാൽ പല കാര്യങ്ങളും പൊതു വേദിയിൽ പറയേണ്ടിവരും,” അദ്ദേഹം പറഞ്ഞു.
“അങ്ങനെ പറഞ്ഞാൽ അത് അവന്റെ രാഷ്ട്രീയ അന്ത്യം വരുത്തിയേക്കാം. അനാവശ്യമായി എന്നെ പ്രകോപിപ്പിക്കരുത്. ഒരു കേസ് മാത്രമല്ല, നിരവധി കേസുകളാണ് കാര്യത്തിൽ ഉള്ളത്. അവയെക്കുറിച്ച് എല്ലാം എനിക്കറിയാം. ആക്രമണം തുടർന്നാൽ വാർത്താസമ്മേളനം നടത്തി അവയെല്ലാം ഞാൻ വെളിപ്പെടുത്തും,” ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി.
രാഹുൽ മാങ്കൂട്ടത്തിലെന്ന ഒരാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ കോൺഗ്രസിന്റെ പ്രതിഛായയാണ് നശിപ്പിക്കപ്പെടുന്നതെന്നും, ഒരു വ്യക്തിയ്ക്കുവേണ്ടി മുഴുവൻ പ്രസ്ഥാനത്തെയും ബലികഴിപ്പിക്കാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന്റെ നിലപാട് പൊതുജനത്തിന്റെ മുമ്പിൽ ക്ഷയിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


