എന്തെങ്കിലും ഒരു കാര്യത്തിൽ ഞാൻ അഭിപ്രായം പറയുന്നത് അത് വിവാദമാകണം എന്ന ലക്ഷ്യത്തോടെയല്ല: മീനാക്ഷി അനൂപ്

single-img
13 January 2026

സ്വന്തം അഭിപ്രായങ്ങൾ ആരെയും ഭയക്കാതെ തുറന്ന് പറയണമെന്നും, മറ്റുള്ളവർ എന്ത് പറയും എന്ന ചിന്തയിൽ സ്വന്തം നിലപാടുകൾ മൗനത്തിലാക്കരുതെന്നും നടിയും അവതാരികയുമായ മീനാക്ഷി അനൂപ് പറഞ്ഞു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡന്റ്സ് കോർണറിൽ ‘മീനാക്ഷിയോടൊപ്പം’ എന്ന ഇന്ററാക്ടീവ് സെഷനിൽ കഴിഞ്ഞ ദിവസം സംസാരിക്കുകയായിരുന്നു അവർ.

കുട്ടികൾ സംശയങ്ങൾ ചോദിച്ചും വിമർശനാത്മകമായി ചിന്തിച്ചും വളരേണ്ടവരാണെന്ന് മീനാക്ഷി വ്യക്തമാക്കി. തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നു ചൂണ്ടിക്കാണിക്കാനുള്ള ധൈര്യം കുട്ടികളിൽ വളർത്തണമെന്നും അവർ പറഞ്ഞു. “ഞാൻ അഭിപ്രായം പറയുമ്പോൾ അത് വിവാദമാകണം എന്ന ഉദ്ദേശത്തോടെയല്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യമാണ് ഞാൻ തുറന്ന് പറയുന്നത്,” മീനാക്ഷി കൂട്ടിച്ചേർത്തു.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ നാം ശ്രമിക്കണമെന്നും, ജാതി, മതം, നിറം എന്നിവയുടെ അടിസ്ഥാനത്തിൽ ആരെയും വിലയിരുത്തരുതെന്നും മീനാക്ഷി പറഞ്ഞു. മുമ്പ് സ്കൂളുകളിൽ പഠിപ്പിച്ചിരുന്ന വർണപിരമിഡ് പോലുള്ള ആശയങ്ങൾ ഇന്നത്തെ കാലത്ത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടു.