കേരള പ്രവാസി ക്ഷേമ നിധിബോര്‍ഡില്‍ വന്‍ തട്ടിപ്പ്

single-img
30 January 2023

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ നിധിബോര്‍ഡില്‍ വന്‍ തട്ടിപ്പ്. അംശാദായം മുടങ്ങിയ അക്കൗണ്ടുകള്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റിയാണ് ലക്ഷങ്ങളുടെ ക്രമക്കേട്.

ഉദ്യോഗസ്ഥരും ഏജന്‍റുമാരും ചേര്‍ന്നുള്ള ഒത്തുകളിയില്‍ സര്‍ക്കാരിന് ലക്ഷങ്ങളാണ് നഷ്ടം സംഭവിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശിയായ സുരേഷ് ബാബു 2009 ജൂണ്‍ 18 നാണ് ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നത്. നാല് അടവിന് ശേഷം രോഗം ബാധിച്ച സുരേഷ് ബാബു പിന്നെ പണമടച്ചില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് സുരേഷ് ബാബു മരിച്ചു. ഭര്‍ത്താവ് അടച്ച തുകയെങ്കിലും തിരികെ കിട്ടണമെന്ന അപേക്ഷയുമായി ഭാര്യ പത്മലത ഒക്ടോബര്‍ 28 ന് ക്ഷേമനിധി ബോര്‍ഡില്‍ അപേക്ഷ നല്‍കി,

1020000274 എന്ന നമ്ബറിലാണ് സുരേഷ് ബാബു അംഗത്വമെടുത്തത്. അടച്ച തുക തിരികെ വേണമെന്ന പത്മപ്രഭയുടെ അപേക്ഷ പ്രകാരം ക്ഷേമ നിധി ബോര്‍ഡില്‍ സിഇഒ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. സുരേഷ് ബാബുവിന്‍റെ പെന്‍ഷന്‍ അക്കൗണ്ട് ഇപ്പോള്‍ പത്തനംതിട്ട സ്വദേശിയായ ജോസഫ് എന്നയാളുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ 4235 രൂപ പ്രതിമാസം ജോസഫ് പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സുരേഷ് ബാബുവിന്‍റെ അക്കൗണ്ടില്‍ വ്യാപകമായി തിരുത്തല്‍ വരുത്തിയാണ് ജോസഫിന് പെന്‍ഷന്‍ നല്‍കിയതെന്നാണ് കണ്ടത്തല്‍. അവിടെയും തീര്‍ന്നില്ല തട്ടിപ്പ്. സുരേഷ് ബാബുവിന്‍റെ മുടങ്ങി കിടന്ന അക്കൗണ്ടിന്‍റെ കുടിശിക അടച്ചതായി സോഫ്റ്റുവയറിലെ രേഖകളിലുണ്ട്. പക്ഷേ ഈ പണം അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. തനിക്കും അക്കൗണ്ട് ഉണ്ടായിരുന്നുവെന്നും ഒരു ഏജന്‍റ് പറഞ്ഞതനുസരിച്ചാണ് കുടിശ്ശിക അടച്ചതെന്നാണ് ജോസഫിന്‍റെ വാദം.

അതായത് ആള്‍മാറാട്ടം നടത്തി പെന്‍ഷന്‍ മറ്റൊരാള്‍ക്ക് നല്‍കുന്നു. അടയ്‍ക്കേണ്ട കുടിശ്ശിക അക്കൗണ്ടിലേക്കെത്തുന്നുമില്ല. നോര്‍ക്ക ഓഫീസിലെ ജീവനക്കാര്‍ക്കും ഏജന്‍റ് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ഒരു സുരേഷ് ബാബുവിന്‍റെ മാത്രം പ്രശ്നമല്ല. പ്രവാസി പെന്‍ഷനില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് പ്രവാസി ക്ഷേമ നിധി ബോര്‍ഡ് സി ഇ ഒ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കെല്‍ട്രോണിന്‍റെയും പിന്നെ പൊലീസിന്‍റെ രഹസ്യാന്വേഷണത്തിലെയും കണ്ടെത്തല്‍. അന്യനാട്ടില്‍ കഷ്ടപ്പെട്ട് പണിയെടുത്ത് നാട്ടിലെത്തി വിശ്രമിക്കുന്ന പ്രവാസികള്‍ക്കുവേണ്ടി തുടങ്ങിയ പെന്‍ഷന്‍ പദ്ധതിയിലാണ് അട്ടിമറി. സര്‍ക്കാരിനാകട്ടെ വന്‍ നഷ്ടവും മുഖ്യമന്ത്രി കീഴിലുള്ള വകുപ്പിലെ ക്രമക്കേടില്‍ വേണ്ടത് സമഗ്ര അന്വേഷണമാണ്.