ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം; സച്ചിനെ മറികടന്ന് കോലി

single-img
15 November 2023

ഏകദിന ലോകകപ്പില്‍ ഇന്ന് ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കി വിരാട് കോലി . ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡാണ് ഇന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സ്വന്തം പേരിലാക്കിയത്.

2003-ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കുറിച്ച 673 റണ്‍സ് എന്ന റെക്കോഡാണ് ഇന്ന് കോലി മറികടന്നത്. മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ ഇപ്പോൾ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു കോഹ്ലി ഈ നേട്ടം കുറിച്ചത്.

ഓവറിലെ ഗ്ലെന്‍ ഫിലിപ്‌സ് എറിഞ്ഞ മൂന്നാം പന്തില്‍ ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് സിംഗിള്‍ നേടിയാണ് കോഹ്ലി അപൂര്‍വ നേട്ടത്തിലെത്തിയത്. 2003-ല്‍ സച്ചിന്‍ 11 മത്സരങ്ങളില്‍ നിന്നാണ് 673 റണ്‍സ് കുറിച്ചതെങ്കില്‍ കോഹ്ലി ഇക്കുറി 10 മത്സരങ്ങളില്‍ നിന്നാണ് അത് മറികടന്നത്. ഈ ലോകകപ്പില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധസെഞ്ചുറികളും രണ്ടു സെഞ്ചുറികളും നേടിയ കോലിയാണ് ലോകകപ്പിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനും.