രോ​ഗികളുമായി ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്

single-img
12 September 2023

കോഴിക്കോട്: രോ​ഗികളുമായി ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈ റിസ്ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങൾ ഉണ്ടായോന്ന് അന്വേഷിക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ഉന്നതതല യോ​ഗത്തിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. രണ്ട് അസ്വാഭാവിക മരണങ്ങൾ ഉണ്ടായി. ഇന്നലെയാണ് സർക്കാർ ഇക്കാര്യം അറിഞ്ഞത്. കളക്ടറേറ്റിൽ അൽപ സമയത്തിനകം യോഗം ചേരും. നിപ സ്ഥിരീകരിക്കാനുന്നത് പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും മന്ത്രി പറഞ്ഞു. 

നേരത്തെ മരിച്ചയാൾക്ക് ലിവർ സിറോസിസ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. പിന്നീട് മരിച്ചയാളുടെ മകന് നിപ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരുന്നു. ഈ കുട്ടിയിപ്പോൾ വെന്റിലേറ്ററിലാണ്. കൂടാതെ രണ്ട് കു‍ഞ്ഞുങ്ങളുമുണ്ട്. നിപ സംശയം ഉടലെടുത്ത ഉടൻ ഇന്നലെ രാത്രി തന്നെ ഐസോലേഷൻ ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഹൈറിസ്ക് കോണ്ടാക്റ്റിലുള്ള പനിയുള്ളവരെ ഐസോലേറ്റ് ചെയ്യേണ്ടി വരും. മറ്റു സ്ഥലങ്ങളിലുള്ള ഡോക്ടർമാർ ഇങ്ങോട്ടേക്കെത്തും. അഞ്ചുപേരുടെ സാംപിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ചാൽ ജില്ലയിൽ നിയന്ത്രണണങ്ങൾ ഉണ്ടാവും. അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനയുടെ ഫലം വന്നാൽ സംസ്കാരം നടക്കും.

അതേസമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ​ഗുരുതരമായി തുടരുകയാണ്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ 9വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ​ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില  തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോ​ഗ്യ വകുപ്പ്.