പരാതിക്കാരിയുടെ രഹസ്യമൊഴി കോര്‍ട്ട് ഓഫിസറുടെ സാന്നിധ്യത്തില്‍ പരിശോധിക്കാൻ എല്‍ദോസ് കുന്നപ്പിള്ളിയുട അഭിഭാഷകന് ഹൈകോടതിയുടെ അനുമതി

single-img
11 November 2022

കൊച്ചി: പരാതിക്കാരിയുടെ രഹസ്യമൊഴി കോര്‍ട്ട് ഓഫിസറുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ അഭിഭാഷകന് ഹൈകോടതിയുടെ അനുമതി.

തിങ്കളാഴ്ച അഭിഭാഷകന് കോടതിയിലെത്തി ഇത് പരിശോധിക്കാമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. മുദ്രവെച്ച കവറില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കണമെന്ന എല്‍ദോസിന്‍റെ ആവശ്യം തള്ളിയാണ് മൊഴി പരിശോധിക്കാന്‍ അഭിഭാഷകന് അനുമതി നല്‍കിയത്.

തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഈ ആവശ്യം എല്‍ദോസിന്‍റെ അഭിഭാഷകന്‍ ഉന്നയിച്ചത്. ഇതിനിടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇരയായ യുവതി നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനക്കെത്തി.

രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന ആവശ്യം സര്‍ക്കാറും പരാതിക്കാരിയും എതിര്‍ത്തതിനെ തുടര്‍ന്നാണ് തള്ളിയത്. എല്‍ദോസ് കുന്നപ്പിള്ളി ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് തിങ്കളാഴ്ചവരെ നീട്ടിയ കോടതി, അന്ന് ഹരജി വീണ്ടും പരിഗണിക്കാന്‍ മാറ്റി.

കോവളത്തെ റിസോര്‍ട്ടിലും കളമശ്ശേരിയിലെ ഫ്ലാറ്റിലും തിരുവനന്തപുരം പേട്ടയിലെ വസതിയിലുംവെച്ച്‌ പീഡിപ്പിച്ചെന്നാണ് എല്‍ദോസിനെതിരായ പരാതി. കോവളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 20ന് തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കാന്‍ സര്‍ക്കാറും പരാതിക്കാരിയും ഹരജി നല്‍കിയിരിക്കുന്നത്.