പതിയെ ഇന്ത്യ മുഴുവൻ സിനിമ കാണിക്കും;ശേഷം ലോകം മുഴുവൻ; പോസ്റ്റർ കീറിയിട്ടും സിനിമ വിജയമെന്ന് സംവിധായകൻ രാമസിംഹന്‍

single-img
5 March 2023

തീരെ ഒരു ചെറിയ സമൂഹമാണ് തന്റെ സിനിമ നിർമ്മിച്ചതെന്നും ഒട്ടിച്ച പോസ്റ്റർ വലിച്ച് കീറിയിട്ടും സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയം തന്നെയാണെന്നും സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഒരിക്കലും ഈ സിനിമ ഇറങ്ങില്ല, സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല, ഉള്ള പൈസ മുഴുവൻ രാമസിംഹൻ അടിച്ചുമാറ്റി എന്നിങ്ങനെയുള്ള പ്രചരണങ്ങളെ അതിജീവിച്ച് ചിത്രം തിയറ്ററിലെത്തി എന്ന് സംവിധായകൻ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. ഫേസ്ബുക്കിൽ ലൈവിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

രാമസിംഹന്‍റെ ഫേസ്ബുക്ക് ലൈവിലെ വാക്കുകൾ:

അരുവി പതിയെ പുഴയായി മാറി. കോഴിക്കോടും എറണാകുളത്തുമെല്ലാം തിയറ്ററുകൾ നിറഞ്ഞ് കവിയുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. എവിടെയും വീണിട്ടില്ല കേട്ടോ. ഈ സീസണിൽ മറ്റെല്ലാ സിനിമകളും തകർന്ന് അടിഞ്ഞപ്പോൾ, ആരും തിയറ്ററിലേക്ക് വരാത്ത സീസണിൽ പുഴ ഒഴുകുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചു. നമ്മൾ എന്ത് ഉദ്ദേശിച്ചോ അത് സംഭവിച്ചു.

ചിലർ പോസ്റ്റർ വലിച്ചു കീറി. തിയറ്ററിൽ പടം എത്തുന്നതിന് മുന്നെ പ്രിവ്യു ചെയ്തു. എല്ലാവിധ കൊനഷ്ട് വിദ്യകൾ പ്രയോ​ഗിച്ചിട്ടും പുഴ ഒഴുകി. അത് കുറെ ഹൃദയങ്ങൾ കണ്ടു. കണ്ടു കൊണ്ടേയിരിക്കുന്നു. ഒരു ചെറിയ സമൂഹമാണ് സിനിമ നിർമ്മിച്ചത്. ഒരിക്കലും സിനിമ ഇറങ്ങില്ല, സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല, ഉള്ള പൈസ മുഴുവൻ രാമസിംഹൻ അടിച്ചുമാറ്റി എന്നിങ്ങനെയുള്ള പ്രചരണങ്ങളെ അതിജീവിച്ച് ചിത്രം തിയറ്ററിലെത്തി.

എന്നിട്ടും ഒട്ടിച്ച പോസ്റ്റർ വലിച്ച് കീറിയിട്ടും ഈ സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയം തന്നെയാണ്. ഈ മൂന്നാം ദിവസവും ഒട്ടും മോശമല്ലാത്ത രീതിയിൽ ഓടുന്നു. ഞാനല്ല പബ്ലിസിറ്റി കൊടുക്കുന്നത്. സിനിമ കണ്ടവർ മറ്റുള്ളവരോട് പറഞ്ഞ് പറഞ്ഞ് ആയിരങ്ങൾ ഈ സിനിമ കണ്ടു കഴിഞ്ഞു. പതിയെ ഇന്ത്യ മുഴുവൻ സിനിമ കാണിക്കും. ശേഷം ലോകം മുഴുവൻ. പിന്നെ ഒടിടിയിൽ ശേഷം ഓരോ വീടുകളിലും.