സുപ്രധാന ബില്ലുകളിൽ ഒപ്പിടാൻ മടിക്കുന്ന ഗവർണ്ണർക്കെതിരെ തിരക്കിട്ട് കോടതിയിൽ പോകേണ്ടെന്ന് സർക്കാർ

single-img
21 August 2023

തിരുവനന്തപുരം:സുപ്രധാന ബില്ലുകളിൽ ഒപ്പിടാൻ മടിക്കുന്ന ഗവർണ്ണർക്കെതിരെ തിരക്കിട്ട് കോടതിയിൽ പോകേണ്ടെന്ന് സർക്കാർ. കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ഉണ്ടായിട്ടും തുടർനടപടിക്ക് സർക്കാർ മടിക്കുകയാണ്. തുറന്ന യുദ്ധത്തിന് പോയാൽ ഗവർണ്ണർ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് കൂടി കണ്ടാണ് അനുനയം.

ബില്ലുകൾ വെച്ചുതാമസിപ്പിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടും കല്പിച്ചുള്ള പടപ്പുറപ്പാടിലായിരുന്നു ഒരു ഘട്ടത്തിൽ സർക്കാർ. മുമ്പില്ലാത്തവിധം രാജ്ഭവനും സർക്കാറും തമ്മിൽ നടന്നത് തുറന്ന പോര്. മഞ്ഞുരുകിത്തുടങ്ങിയെന്ന തോന്നലിനിടെയാണ് അറ്റകൈ പ്രയോഗത്തിന് സർക്കാർ മടിക്കുന്നത്. ഗവർണ്ണർക്കെതിരായ നിയമയുദ്ധത്തിന് സിപിഎം രാഷ്ട്രീയതീരുമാനം നേരത്തെയെടുത്തിരുന്നു. തുടർനീക്കത്തിനായി പല നിയമവിദഗ്ധരിൽ നിന്നും ഉപദേശം തേടി. ബില്ലുകൾ ഒരുകാരണവുമില്ലാതെ വെച്ച് താമസിപ്പിക്കുന്ന ഗവർണ്ണർക്കെതിരെ കോടതിയിൽ പോകാമെന്നായിരുന്നു ഉപദേശം.

ആഴ്ചകൾക്ക് മുമ്പ് ഉപദേശം കിട്ടിയെങ്കിലും ഉടൻ കോടതിയിൽ പോകേണ്ടെന്നാണ് സർക്കാറിൻറെ ഇപ്പോഴത്തെ തീരുമാനം, കോടതിയിലേക്ക് പോയാൽ പിന്നീട് സമവായത്തിൻറെ എല്ലാ വഴിയും അടയുമെന്നാണ് വിലയിരുത്തൽ. ഒപ്പം ഗവർണ്ണർ കൂടുതൽ പ്രതിസന്ധികളുണ്ടാക്കാനും സാധ്യതയേറെ. അനുനയഭാഗമായാണ് കഴിഞ്ഞ ദിവസം മന്ത്രിമാർ രാജ്ഭവനിലെത്തി ഓണം വാരാഘോഷത്തിലേക്ക് നേരിട്ട് ഗവർണ്ണറെ ക്ഷണിച്ചത്. സർക്കാർ വെടിനിർത്തൽ സൂചന നൽകുമ്പോഴും ബില്ലിൽ അനുനയത്തിന് ഇതുവരെ രാജ്ഭവൻ തയ്യാറല്ലെന്നാണ് വിവരം. ചാൻസ്ലർ ബിൽ. ലോകായുക്ത ബിൽ, സർവ്വകലാശാല നിയമഭേദഗതി അടക്കമുളള്ള എട്ട് ബില്ലുകളിലാണ് ഗവർണ്ണറുടെ തീരുമാനം അനന്തമായി നീളുന്നത്