ശബരിമലയിൽ വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

single-img
31 December 2022

തിരുവനന്തപുരം: ശബരിമലയിലെ നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുതുക്കിയ ഉത്തരവിറക്കി.

വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റിനു പുറമേ 307 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് റവന്യൂ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.

കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടര്‍ (2570 ഏക്കര്‍) ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടു വ്യവസ്ഥകള്‍ പാലിച്ചാകും ഭൂമി ഏറ്റെടുക്കലിന് അനുമതി. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സാമൂഹികാഘാത പഠനം നടത്തി അതിന്റെ റിപ്പോര്‍ട്ട് വിദഗ്ധ സമിതി പരിശോധിക്കും എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. കണ്ടെത്തിയ സ്ഥലം യോഗ്യമാണെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അംഗീകരിച്ച ശേഷമേ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കൂ എന്നാണ് രണ്ടാമത്തേത്.

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുത്താന്‍ ആദ്യം ഉത്തരവിറങ്ങിയത് 2020 ജൂണിലാണ്.