കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം;  15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണം

single-img
19 October 2022

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഉത്തരവ് ഇറക്കിയശേഷം ഇക്കാര്യം രാജ്ഭവനെ അറിയിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് സ്വാഭാവിക നടപടിയല്ലെന്നും , ചട്ടവിരുദ്ധമാണെന്നും വൈസ് ചാന്‍സലര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. അംഗങ്ങളെ പിന്‍വലിച്ച നടപടി റദ്ദാക്കാനും വിസി ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാനുള്ള മുന്‍തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്.

ഗവര്‍ണറുടെ നിര്‍ദേശത്തില്‍ വൈസ് ചാന്‍സലര്‍ മഹാദേവന്‍പിള്ളയുടെ തുടര്‍നടപടി നിര്‍ണായകമാണ്. ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദേശം വി സി പാലിച്ചില്ലെങ്കില്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ഉള്‍പ്പെടെ നിര്‍ദേശം നല്‍കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. അതേസമയം ഗവര്‍ണറുടെ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. 91 അംഗങ്ങള്‍ ഉള്ള സെനറ്റില്‍ വിസി ഡോ. വിപി മഹാദേവന്‍ പിള്ളയുള്‍പ്പെടെ 13 പേര്‍ മാത്രമാണ് പങ്കെടുത്തത്. പിന്‍വലിച്ച 15 സെനറ്റ് അംഗങ്ങളില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്. വിസി നിയമന സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് അംഗത്തെ നിര്‍ദേശിക്കാനാണ് ചൊവ്വാഴ്ച സെനറ്റ് ചേര്‍ന്നത്.