എസ് എഫ് ഐയുടെ ചോര വീണ റോഡിലൂടെയാണ് ഗവര്‍ണര്‍ ഇറങ്ങി നടന്നത്: മന്ത്രി മുഹമ്മദ് റിയാസ്

single-img
19 December 2023

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായിതെരുവില്‍ നടന്നതിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. എല്ലാവരേയും സ്വീകരിക്കുന്നതാണ് കോഴിക്കോടിന്റെ പ്രത്യേകത. ആര് വന്നാലും ഹല്‍വയും സുലൈമാനിയും നല്‍കും. ചെകുത്താന്‍ വന്നാലും നല്‍കും. അതാണ് കോഴിക്കോടിന്റെ പ്രത്യേകതെന്ന് മുഹമ്മദ് റിയാസ്. അനേക പതിറ്റാണ്ടുകളായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. എല്ലാ കാലത്തും എല്‍ഡിഎഫ് ഭരണത്തില്‍ വരണമെന്ന നിലപാട് സ്വീകരിക്കുന്നവരാണ് കോഴിക്കോട്ടെ ജനങ്ങള്‍.

മതസാഹോദര്യത്തിന് വേണ്ടി ജീവന്‍ നല്‍കാന്‍ പോലും തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ജനങ്ങളുള്ള നാടാണ് കോഴിക്കോട്. കോഴിക്കോടിന്റെ ഹല്‍വ സ്നേഹത്തിന്റേയും മതസാഹോദര്യത്തിന്റേയും ഹല്‍വയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ‘ആതിഥേയ മര്യാദയുടെ പര്യായമാണ് കോഴിക്കോടും കേരളവും. എസ് എഫ് ഐയുടെ ചോര വീണ റോഡിലൂടെയാണ് ഗവര്‍ണര്‍ ഇറങ്ങി നടന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഹലുവ നല്‍കിയ കൈ കൊണ്ട് ജനങ്ങള്‍ എതിരെ വോട്ട് ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അത്രക്ക് രാഷ്ട്രീയ പ്രബുദ്ധതയുള്ള നാടാണ് കോഴിക്കോടും കേരളവും’, റിയാസ് പറഞ്ഞു.

അദ്ദേഹത്തോട് ഞാന്‍ നന്ദി പറയുകയാണ്. ഇന്നലത്തെ അദ്ദേഹത്തിന്റെ നടത്തം രണ്ട് ദിവസമായി അദ്ദേഹം ഉയര്‍ത്തിയ വാദം തെറ്റാണെന്ന് തെളിയിച്ചു. ഇന്ത്യയിലെ ഏതെങ്കിലും ഗവര്‍ണര്‍ക്ക് ഇതുപോലെ തിരക്കേറിയ ഒരു തെരുവിലൂടെ നടക്കാന്‍ കഴിയുമോ? കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന പ്രഖ്യാപനമാണ് ആ നടത്തമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

‘ആ നടത്തത്തിന് മുന്‍പില്‍ ഗവര്‍ണര്‍ ഒരു ബാനര്‍ കെട്ടേണ്ടതായിരുന്നു. കേരളം ഇന്ത്യയ്ക്ക് മാതൃക. ക്രമസമാധാന പാലനത്തില്‍ നമ്പര്‍ വണ്‍ സംസ്ഥാനമാണ് കേരളം. ഗവര്‍ണര്‍ നടന്ന തെരുവില്‍ അദ്ദേഹം തന്നെ ആക്ഷേപിച്ച വിദ്യാര്‍ത്ഥി സംഘടനയുടെ ചരിത്രവും ആ തെരുവില്‍ കാണാമായിരുന്നു. മിഠായിതെരുവിന്റെ വീഥികളില്‍ എത്ര ടാറിട്ടാലും മായാത്ത ചോരക്കറ കാണാം.

പാവപ്പെട്ടവന്റെ മക്കള്‍ക്ക് പഠിക്കാനുള്ള അവകാശത്തിനായി വിദ്യാര്‍ത്ഥികള്‍ നടത്തിയ പോരാട്ടത്തിന്റെ ചോരക്കറയാണത്. എസ്എഫ്ഐ എന്ന സംഘടനയുടെ ചോരക്കറയാണ് അത്. ഇതേ മിഠായിതെരുവില്‍ പണ്ട് ഒരു തീപിടുത്തം ഉണ്ടായിരുന്നു. അന്ന് ഫയര്‍ഫോഴ്സിനും വ്യാപാരികള്‍ക്കും ഒപ്പം ഓടിവന്ന് വിദ്യാര്‍ഥികള്‍ ഒരു സംഘടനയുടെ കീഴില്‍ അണിനിരന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. ആ സംഘടനയുടെ പേരാണ് എസ്എഫ്ഐ’, റിയാസ് പറഞ്ഞു.