കേരള സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടാവില്ല

single-img
24 April 2023

കൊച്ചി:രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടാവില്ല.

മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഗവര്‍ണറുടെ പേരില്ല. മോദിയെ സ്വീകരിക്കാനായി ഇന്നലെ വൈകീട്ട് വിമാനത്തില്‍ കൊച്ചിയിലെത്തിയ ഗവര്‍ണര്‍ ഇന്ന് രാവിലെ തലസ്ഥാനത്തേയ്ക്ക് മടങ്ങി. റോഡ്ഷോ ഉള്‍പ്പെടെ കൊച്ചിയിലെ ചടങ്ങ് അനൗദ്യോഗികമാണെന്ന കാരണത്താലാണ് ഗവര്‍ണര്‍ മടങ്ങുന്നതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചിയില്‍ എത്തുന്നില്ല.

മുഖ്യമന്ത്രിക്കു പകരം സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പി രാജീവ് മോദിയെ സ്വീകരിക്കും. തിരുവനന്തപുരത്ത് എത്തുമ്ബോള്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഉണ്ടാകും. സാധാരണയായി പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് വരുമ്ബോള്‍ മുഖ്യമന്ത്രി സ്വീകരിക്കാന്‍ വരുന്നത് പതിവാണെന്നും എന്തുകൊണ്ടാണ് പിണറായി വിജയന്‍ വരാത്തത് എന്ന് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.’സാധാരണയായി പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് എത്തുമ്ബോള്‍ മുഖ്യമന്ത്രി സ്വീകരിക്കാന്‍ പോവുന്നത് പതിവാണ്. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തത് എന്ന് അറിയില്ല?

പ്രധാനമന്ത്രി ഏത് പരിപാടിക്ക് വന്നാലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ എത്താറുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഏത് മന്ത്രി വരുന്നു എന്നത് ഞങ്ങള്‍ക്ക് വിഷയമല്ല. മോദിയുടെ സന്ദര്‍ശനം ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. മറ്റു കാര്യങ്ങള്‍ എല്ലാം അപ്രസക്തമാണ്’ – സുരേന്ദ്രന്റെ വാക്കുകള്‍.

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ഇന്ന് വൈകീട്ട് 5നാണ് മോദി എത്തുന്നത്. 5.30നു തേവര ജംഗ്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയില്‍ പങ്കെടുക്കും. 7.45ന് വില്ലിങ്ട്ടണ്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറില്‍ തന്നെയാണു താമസവും.ചൊവ്വാഴ്ച രാവിലെ 9.25ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്റ്റേഷനില്‍ ചെലവഴിക്കും. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല.

11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3,200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. വന്ദേഭാരതിനു പുറമേ ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

കൊച്ചുവേളി – തിരുവനന്തപുരം – നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെര്‍മിനല്‍ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം – ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിന്‍ വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിക്കും. നവീകരിച്ച കൊച്ചുവേളി റെയില്‍വേ സ്റ്റേഷനും ദിണ്ടിഗല്‍ – പളനി – പൊള്ളാച്ചി വൈദ്യുതീകരിച്ച റെയില്‍പാതയും നാടിനു സമര്‍പ്പിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാത്തിലെ സൂറത്തിലേക്കു പോകും.