തെരുവ് നായ ശല്യം നിയന്ത്രിക്കാനുള്ള സർക്കാർ പദ്ധതി പ്രതിസന്ധിയിലേക്ക്

single-img
25 September 2022

പത്തനംതിട്ട : തെരുവ് നായ ശല്യം നിയന്ത്രിക്കാനുള്ള ദ്രുത കര്‍മ്മ പദ്ധതി പ്രതിസന്ധിയിലേക്ക്.

പദ്ധതി നടപ്പലാക്കാനുള്ള പണം തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദേശമാണ് പ്രാദേശിക ഭരണകൂടങ്ങളെ വലയ്ക്കുന്നത്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകള്‍ ചെലവഴിച്ച പണം പോലും സര്‍ക്കാര്‍ ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ല.

തെരുവ് പട്ടികളെ നിയന്ത്രിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. വളര്‍ത്ത് പട്ടികള്‍ക്കും തെരുവ് പട്ടികള്‍ക്കുമുള്ള വാക്സിനേഷന്‍ , വന്ധ്യംകരണം , ഷെല്‍ട്ടര്‍ ഹോമുകള്‍ അങ്ങനെ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ നടപ്പിലാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങള്‍. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തതല്ലാതെ ഒരു രൂപ പോലും പഞ്ചായത്ത്കള്‍ക്ക് ഫണ്ട് ഇനത്തില്‍ നല്‍കിയിട്ടില്ല. എബിസി കേന്ദ്രങ്ങള്‍ക്കും മാലിന്യ സംസ്ക്കരണത്തിനും ഷെല്‍ട്ട‌ര്‍ ഹോമുകള്‍ക്കും നാട്ടുകാരുടെ എതിര്‍പ്പില്ലാത്ത ഒഴിഞ്ഞ കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഭരണസമിതികള്‍ നേരിടുന്നു. പട്ടിപിടുത്തക്കാരേയും കിട്ടാനില്ല. അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ക്ക് പണം ഇല്ലാതെ വന്നതോടെ പല പഞ്ചായത്തുകളും നടപടികള്‍ മതിയാക്കി.

ഒരു തെരുവ് പട്ടിയെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കണമെങ്കില്‍ 600 രൂപ വരെ ചെലവുണ്ട്. പിന്നീട് സംരക്ഷണ കേന്ദ്രത്തിലെ ഭക്ഷണമടക്കമുള്ള തുടര്‍ചെലവുകള്‍ വേറെ. കൊവിഡ് കാലത്ത് സിഎഫ്‌എല്‍ടിസികള്‍ തുറന്നതും പ്രവര്‍ത്തിപ്പിച്ചതും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിച്ചായിരുന്നു. ഘട്ടം ഘട്ടമായി ഇത് തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ഈ ഇനത്തില്‍ അന്‍പത് ലക്ഷം രൂപ വരെ കിട്ടാനുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമുണ്ട്. നിലവില്‍ ഉദ്യോഗസ്ഥര്‍ക്ക് ശന്പളം പോലും കൊടുക്കാന്‍ പ്രാദേശിക ഭരണസമിതികളില്‍ ഫണ്ടില്ല. വികസന പദ്ധതികളും മുടങ്ങി.