സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്റെ 15 ശതമാനത്തില്‍ കൂടരുത്; മാർഗനിർദ്ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

single-img
22 June 2023

സ്‌കൂളുകളോട് സ്‌കൂള്‍ ബാഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ബുധനാഴ്ച സ്‌കൂളുകള്‍ക്ക് 2019 സര്‍ക്കുലര്‍ വീണ്ടും നല്‍കുകയും ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ബ്ലോക്ക്തല വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു.

സർക്കാർ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച്, സ്‌കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്റെ 15 ശതമാനത്തില്‍ കൂടരുത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ക്ലാസ് 1-2 കുട്ടികളുടെ ബാഗുകള്‍ക്ക് 1.5-2 കിലോഗ്രാം ഭാരവും 3-5, 2-3 കിലോഗ്രാം ഭാരവും ഉണ്ടാവാം; ക്ലാസ് 6-8, 3-4 കിലോഗ്രാം, 9-10 ക്ലാസുകളില്‍ ഇത് 4-5 കിലോഗ്രാം ആയിരിക്കണം.കൂടാതെ, സ്‌കൂളുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ ‘നോ ബാഗ് ഡേ’ ആചരിക്കണമെന്നും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു. ശനിയാഴ്ചകള്‍ ഇതിനായി തിരഞ്ഞെടുക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഡോ.വി.പി നിരഞ്ജനാരാധ്യ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചിരുന്നു.

2019-ല്‍ ഈ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു സ്‌കൂള്‍ ബാഗിന്റെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. അത് കര്‍ശനമായി പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്.