സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പ‍ഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

single-img
1 April 2023

സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പ‍ഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.

ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍വാങ്ങല്‍. ബയോമെട്രിക് പ‍ഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഇന്ന് മുതല്‍ നിര്‍ബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശവും ഇതുവരെ പൂര്‍ണമായും നടപ്പായിട്ടില്ല.

സെക്രട്ടറിയേറ്റില്‍ പഞ്ച് ചെയ്ത് ഓഫീസില്‍ കയറുന്ന ജീവനക്കാര്‍ ഇരിപ്പിടം വിട്ട് കയറിങ്ങി നടക്കുന്നുവെന്നായിരുന്നു സെക്രട്ടറി തല യോഗങ്ങളിലെ വിലയിരുത്തല്‍. സെക്രട്ടറിയേറ്റിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും, ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി ആക്സ്സ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ ഓഫീസ് കവാടത്തിലും ഇടനാഴിയിലുമെല്ലാം കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവന്നു. എല്ലാ സംഘടനകളുടെയും കടുത്ത എതിര്‍പ്പ് മറികടന്ന് ഇന്ന് മുതല്‍ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനും, അത് കഴിഞ്ഞ് ആക്സസ് കണ്‍ട്രോള്‍ ബയോ മെട്രിക്കുമായി ബന്ധിപ്പിക്കാനും പൊതുഭരണ സെക്രട്ടറി ഈ മാസം 18ന് ഉത്തരവിറക്കി. ഒരു ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് പോകുന്നതിനും, മെയിന്‍ ബ്ലോക്കില്‍ നിന്നും സെക്രട്ടറിയേറ്റ് അനക്സിലേക്ക് പോകുന്നതിനും സമയവും നിശ്ചയിച്ചിരുന്നു.

ജീവനക്കാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒടുവില്‍ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉത്തരവ് ഭേദഗതി ചെയ്തു. ബയോ മെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കുമെന്ന ആദ്യ ഉത്തരവിലെ പരാമര്‍ശം നീക്കി. രണ്ട് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍ തീരുമാനമെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്. ഇന്നു മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോ മെട്രിക്ക് പഞ്ചിംഗ് സ്പാകര്‍ക്കുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവും പൂര്‍ണമായും നടപ്പായിട്ടില്ല. 14 ജില്ലാ കളക്ടറേറ്റുകളിലും ബയോ മെട്രിക് പ്രവര്‍ത്തനം തുടങ്ങി. 70ശതമാനം ഡയറക്ടറ്റുകളിലും ഓഫീസുകളിലും മാത്രമേ പഞ്ചിംഗ് സംവിധാനം നടപ്പായിട്ടുള്ളൂവെന്നാണ് ഇതേവരെയുള്ള കണക്ക്. വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന് ശേഷമേ അന്തിമകണക്ക് ലഭിക്കൂ.