പി.കൃഷ്ണപ്പിള്ള സ്മാരകം കത്തിച്ചതിൽ ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളത്: കെസി വേണുഗോപാല്‍ എംപി

പി.കൃഷ്ണപ്പിള്ള സ്മാരകം കത്തിച്ചതു സിപിഎം തന്നെയാണെന്നാണ് ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേരളത്തിലെ സിപിഎം-ബിജെപി ഡീലിന് കൂട്ടുനില്‍ക്കാന്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് എങ്ങനെ കഴിയും എന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ വേണുഗോപാല്‍ ഇങ്ങനെയുള്ള സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മിന്റെ പ്രചാരണത്തില്‍ വിട്ടുനില്‍ക്കണോ എന്ന കാര്യം എം.എ.ബേബിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് മമതാ ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസ്. അതേ മുന്നണിയുടെ ഭാഗമായ സിപിഎം ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരെയല്ലേ സിപിഎം മത്സരിക്കുന്നത്. മമതാ ബാനര്‍ജിക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് സിപിഎം ഉന്നയിക്കുന്നത്.ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് സിപിഎം എന്നതു കൊണ്ട് കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റായ നയങ്ങളെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ദേശീയതലത്തിലെ പാര്‍ട്ടിയും കേരളത്തിലെ പാര്‍ട്ടിയും രണ്ടും വേറെ വേറെയാണെന്നതില്‍ ഒരു സംശയവുമില്ല. കേരളത്തിലെ സിപിഎം പിണറായി വിജയന്റെ അധീനതയിലുള്ള പാര്‍ട്ടിയാണ്. അതല്ലേ ജി.സുധാകരനും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനും പയ്യന്നൂരില്‍ കുഞ്ഞിക്കൃഷ്ണനും പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.


