ഇസ്രായേലില്‍ കൃഷി പഠിക്കാന്‍ പോയി മുങ്ങിയ ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതില്‍ തുടര്‍നടപടികള്‍ ഇന്നുണ്ടാകും

single-img
22 February 2023

തിരുവനന്തപുരം: ഇസ്രായേലില്‍ കൃഷി പഠിക്കാന്‍ പോയി മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതില്‍ കൂടുതല്‍ തുടര്‍നടപടികള്‍ ഇന്നുണ്ടാകും.

വിസ റദ്ദാക്കി ബിജു കുര്യനെ തിരികെ അയക്കാന്‍ ഇസ്രായേലിലെ ഇന്ത്യന്‍ എംബസിക്ക് കത്തു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ബിജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാനായി കൃഷിമന്ത്രി പി പ്രസാദ് ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണ് കാണാതായത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ഇയാള്‍.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ നേതൃത്വത്തിലാണ് കര്‍ഷക- ഉദ്യോഗസ്ഥ സംഘം ഇസ്രായേലില്‍ പോയത്. ബിജുവിനെ കാണാതായതിനെത്തുടര്‍ന്ന്, ബി അശോക് ഉടന്‍ തന്നെ എംബസിയെ വിവരം അറിയിച്ചിരുന്നു. തെരച്ചില്‍ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.