ഇന്ധന വിലവര്‍ധനവ് തുഗ്ലക്ക് പരിഷ്കാരമാകാനാണ് സാധ്യത; ആത്യന്തികമായി വിലക്കയറ്റം പ്രതീക്ഷിക്കാം

single-img
4 February 2023

കോഴിക്കോട്: ഇന്ധന വിലവര്‍ധനവ് തുഗ്ലക്ക് പരിഷ്കാരമാകാനാണ് സാധ്യതയെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍.

അന്യ സംസ്ഥാനങ്ങളില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ഇന്ധനം അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിറയ്ക്കും. മാഹിക്ക് സമീപത്തുള്ളവരും തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലക്കാരും കൊല്ലത്തിന്റെ കിഴക്കന്‍ മേഖലയിലുള്ളവരും, കാസര്‍ഗോഡ് ജില്ലയിലുള്ളവരും അതിര്‍ത്തി കടന്ന് അന്യ സംസ്ഥാനത്ത് നിന്നും ഇന്ധനം നിറയ്ക്കും. കേരളത്തിലെ ജില്ലകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുക ഓട്ടോറിക്ഷകള്‍, സ്കൂട്ടറുകള്‍, ചെറിയ ദൂരങ്ങളില്‍ സര്‍വീസ് നടത്തുന്ന ടാക്സികള്‍ , റൂട്ട് ബസ്സുകള്‍ എന്നിവ മാത്രമാകും.

കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന മുഴുവന്‍ വാഹനങ്ങളും മാഹിയില്‍ നിന്നാണ് ഇപ്പോള്‍ തന്നെ ഇന്ധനം നിറയ്ക്കുന്നത്. കോഴിക്കോട് ജില്ലയിലെയും കണ്ണൂര്‍ ജില്ലയിലെയും കൂടുതല്‍ വാഹനങ്ങള്‍ മാഹിയിലേക്ക് നീങ്ങും. ചുരുക്കത്തില്‍ നേരത്തേ സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം കൂടെ അന്യ സംസ്ഥാനങ്ങളിലേക്കൊഴുകാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ വില വര്‍ധനവിന്‍റെ ഭാരം ജനങ്ങളുടെ ചുമലില്‍ വീഴുകയും ചെയ്യും. ആത്യന്തികമായി വിലക്കയറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു