ബാലതാരത്തിൽ നിന്ന് രാജ്യാന്തര സംവിധായികയിലേക്ക്; ഗീതു മോഹൻദാസിന്റെ വേറിട്ട സിനിമായാത്ര

അഞ്ചാം വയസ്സിൽ സിനിമയിലെത്തിയ ബാലതാരം, പിന്നീട് മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ നേടിയ അഭിനേത്രി, ഒടുവിൽ രാജ്യാന്തര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ സംവിധായിക—ഗീതു മോഹൻദാസിന്റെ സിനിമായാത്രയിലെ ഓരോ ഘട്ടവും വേറിട്ടതായിരുന്നു. യഷ്, നയൻതാര, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ തിയേറ്ററുകളിലെത്തുമ്പോൾ ബാലതാരത്തിൽ നിന്ന് സംവിധായികയിലേക്കുള്ള ഗീതുവിന്റെ യാത്ര വീണ്ടും ചർച്ചയാകുകയാണ്.
ഗായത്രി ദാസ് എന്ന പേരിൽ ജനിച്ച ഗീതു, കുടുംബം സ്നേഹത്തോടെ വിളിച്ചിരുന്ന ‘ഗീതു’ എന്ന പേരാണ് പിന്നീട് സിനിമയിലും സ്വീകരിച്ചത്. 1986ൽ മോഹൻലാലിനൊപ്പം ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബാലതാരമായി അരങ്ങേറ്റം. തുടർന്ന് ‘എൻ ബൊമ്മുക്കുട്ടി അമ്മാവുക്കു’ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’, ‘തെങ്കാശിപ്പട്ടണം’, ‘വാൽക്കണ്ണാടി’, ‘നമ്മൾ തമ്മിൽ’, ‘രാപ്പകൽ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അകലെ’യിലെ റോസ് എന്ന കഥാപാത്രമാണ് ഗീതുവിന്റെ അഭിനയജീവിതത്തിലെ നിർണായക വഴിത്തിരിവായത്. ചിത്രത്തിലെ പ്രകടനത്തിന് 2004ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഫിലിംഫെയർ മികച്ച നടിക്കുള്ള പുരസ്കാരവും ഗീതുവിനെ തേടിയെത്തി.
‘പൗരൻ’, ‘കിസാൻ’, ‘പോയി’, ‘ഭരതൻ എഫക്റ്റ്’, ‘തകരച്ചെണ്ട’, ‘നാല് പെണ്ണുങ്ങൾ’, ‘ആകാശഗോപുരം’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഗീതുവിന്റെ അവസാന അഭിനയചിത്രം 2009ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആയിരുന്നു.
അതേ വർഷം ‘അൺപ്ലഗ്ഡ്’ എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ച് ‘കേൾക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവച്ചു. റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. പിന്നീട് ചിത്രം പ്ലസ് ടു സംസ്ഥാന സിലബസിലും ഉൾപ്പെടുത്തി.
2014ൽ ‘ലയേഴ്സ് ഡൈസ്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഗീതു ഫീച്ചർ സിനിമാ സംവിധാനത്തിലേക്ക് കടന്നത്. സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടിയ ചിത്രത്തിന് രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. 87-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ‘മൂത്തോൻ’ വഴി ഐഡന്റിറ്റി, കുടിയേറ്റം, ലൈംഗികത, കാണാതായ സഹോദരനെ തേടിയുള്ള യാത്ര തുടങ്ങിയ സങ്കീർണമായ വിഷയങ്ങളാണ് ഗീതു അവതരിപ്പിച്ചത്. സൺഡാൻസ് ഫിലിം ലാബിന്റെ മാർഗനിർദേശവും ലഭിച്ച ചിത്രം 2019ൽ ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയർ നടത്തി.
ഇപ്പോൾ യഷിനെ നായകനാക്കി ഒരുക്കിയ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രത്തിലൂടെ ഗീതു മോഹൻദാസ് തന്റെ സിനിമാജീവിതത്തിലെ മറ്റൊരു വലിയ അധ്യായത്തിലേക്ക് കടക്കുകയാണ്. ബാലതാരമായി തുടങ്ങിയ യാത്ര ഇന്ന് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സംവിധായികയെന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.


