യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് ; കോട്ടയത്ത് കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും കടുത്ത അമര്‍ഷം

single-img
15 February 2024

ലോക്സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കി യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ മല്‍സരിപ്പിക്കാന്‍ മുന്നണിയില്‍ ധാരണ ആയതോടെ കോട്ടയത്ത് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷം.
ലോക്സഭാ മണ്ഡലത്തിനുള്ളില്‍ ആയിരം പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കുന്നതിലൂടെ കോട്ടയം രാഷ്ട്രീയം വീണ്ടും കേരള കോണ്‍ഗ്രസുകള്‍ക്ക് തീറെഴുതി നല്‍കാനുള്ള നീക്കമാണ് നേതൃത്വം നടത്തുന്നതെന്ന കടുത്ത വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ഉള്‍പ്പെടെ ഉയരുന്നത്.

കഴിഞ്ഞ 50 വര്‍ഷം കോട്ടയം രാഷ്ട്രീയം കേരള കോണ്‍ഗ്രസുകള്‍ക്ക് അടിയറവു വച്ച കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് – എം മുന്നണി വിട്ടശേഷവും അതേ ‘അടിയറവ് ‘ രാഷ്ട്രീയം ആവര്‍ത്തിക്കുന്നത് എന്തിനെന്ന ചോദ്യമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഇതുവരെ അവര്‍ക്ക് അര്‍ഹതയില്ലാതിരുന്ന സീറ്റ് നല്‍കുന്നതിലൂടെ ഇനി ജോസ് കെ മാണി വിഭാഗം മുന്നണിയിലേയ്ക്ക് തിരികെ വന്നാല്‍ കേരള കോണ്‍ഗ്രസുകള്‍ക്ക് ഒന്നിന് പകരം രണ്ട് സീറ്റ് നല്‍കേണ്ട സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

ജോസ് കെ മാണി വിഭാഗം യുഡിഎഫിലേയ്ക്ക് തിരികെ വന്നാല്‍ അവര്‍ക്ക് കോട്ടയം ലോക്സഭാ സീറ്റ് തിരിച്ചു നല്‍കണം. അന്ന് പിജെ ജോസഫ് വിഭാഗം സിറ്റിംങ്ങ് സീറ്റ് ക്ലെയിം ചെയ്യും. ഒടുവിൽ അവരെ അനുനയിപ്പിക്കാന്‍ വീണ്ടും ഇടുക്കി സീറ്റ് വിട്ട് നല്‍കി ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടി ബലികൊടുക്കേണ്ടി വരും. ഇതാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഈ സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവിനോടും കെപിസിസി അധ്യക്ഷനോടും വീണ്ടും ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് കോട്ടയത്തെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍.

നിലപാടില്ലാത്ത സ്ഥാനാര്‍ഥി വേണ്ട !

കോട്ടയം സീറ്റില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നതിലും കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷമുണ്ട്. 12 വര്‍ഷത്തിനിടെ 4 തവണ മുന്നണിയും 4 തവണ പാര്‍ട്ടിയും മാറിയ ഒരാളെ എന്ത് ആദര്‍ശത്തിന്‍റെ പേരിലാണ് കോട്ടയത്തെ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയെന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

കഴിഞ്ഞ 50 വര്‍ഷത്തിനിടെ കേരള രാഷ്ട്രീയത്തില്‍ ഇത്ര ചുരുങ്ങിയ സമയത്തിനിടയില്‍ 4 തവണ പാര്‍ട്ടിയും അത്രയും തവണതന്നെ മുന്നണിയും മാറിയ വേറൊരു രാഷ്ട്രീയക്കാരനില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രത്തില്‍ കാലുമാറ്റ രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്ന കാലഘട്ടത്തില്‍ ഇത്ര ചുരുങ്ങിയ കാലത്തില്‍ ഭരണത്തിനനുസരിച്ച് കാലുമാറിയ ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ച് വെറുമൊരു രജിസ്ട്രേഡ് പാര്‍ട്ടിയുടെ എംപിയായി ഡല്‍ഹിയിലെത്തിയാല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഭരണകക്ഷിയുടെ ഭാഗമാകില്ലെന്ന് നേതാക്കള്‍ക്ക് എന്ത് ഉറപ്പാണുള്ളതെന്ന ചോദ്യമാണ് കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ ഉന്നയിക്കുന്നത്.

ഫ്രാന്‍സിസ് ജോര്‍ജിനു വിനയായ ചുവടുമാറ്റങ്ങള്‍

2006 മുതല്‍ 2019 വരെ തുടര്‍ച്ചയായി കേരളത്തിലെ ഭരണപക്ഷ മുന്നണികളുടെ ഭാഗമാകുന്ന വിധം മാറി – മാറി മുന്നണിയും പാര്‍ട്ടിയും മാറിയതാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ രാഷ്ട്രീയ സാഹചര്യം .

2006 -ലെ ഇടതു സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് – ജെയുടെ പ്രതിനിധി ആയിരിക്കെയാണ് 2009 -ല്‍ കേരള കോണ്‍ഗ്രസ് – എമ്മില്‍ ചേരുന്നത്. അന്ന് യുഡിഎഫ് ആയി. 2011 -ല്‍ യുഡിഎഫ് അധികാരത്തിലുമെത്തി.

2016 -ല്‍ കേരള കോണ്‍ഗ്രസ് – എം വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് വീണ്ടും ഇടതു മുന്നണിയിലെത്തി. മുന്നണി അധികാരത്തിലെത്തിയെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പാര്‍ട്ടി മല്‍സരിച്ചിടത്തെല്ലാം തോറ്റു.

അതോടെ വീണ്ടും 2020 -ല്‍ ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തി. 2021 -ലെ തെരഞ്ഞെടുപ്പിലും ഇടുക്കിയില്‍ മല്‍സരിച്ചെങ്കിലും തോറ്റു. നിലവില്‍ യുഡിഎഫ് ബാനറിലാണ് കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ കോട്ടയത്ത് മല്‍സരിക്കാന്‍ ആലോചിക്കുന്നത്.

അതേസമയം കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നതെന്ന വിവരം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ എതിര്‍പ്പ് ഇനി എത്രത്തോളം ഫലം കാണുമെന്ന് സംശയമുണ്ട്. പക്ഷേ നൂറുകണക്കിന് കത്തുകളാണ് ദിവസവും കെപിസിസിക്കും എഐസിസിക്കും കോട്ടയത്തുനിന്നും പോകുന്നത്.