ബസിനുള്ളിലെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു; കോഴിക്കോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബസിനുള്ളിലെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോവിന്ദപുരം സ്വദേശി ദീപക് (32) ആണ് മരിച്ചത്. ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള യാത്രക്കിടെയാണ് ബസിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ യുവതി പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മറ്റൊരു യുവതിക്ക് ഉണ്ടായ ദുരനുഭവം കണ്ടാണ് വീഡിയോ പകർത്താൻ തുടങ്ങിയതെന്നും, പിന്നീട് ദീപക് തന്നെ മോശമായി സ്പർശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് കടുത്ത സൈബർ ആക്രമണത്തിനും മാനസിക ബുദ്ധിമുട്ടുകൾക്കും ഇരയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കുടുംബം മെഡിക്കൽ കോളേജ് പൊലീസിനെ അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.


