ഡോ. ഷഹനയുടെ ആത്മഹത്യ; അറസ്റ്റിലായ റുവൈസിന്റെ പിതാവ് ഒളിവിൽ

single-img
8 December 2023

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റുവൈസിന്റെ പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ ഇന്ന് നൽകും. സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഷഹനയുടെ കുടുംബം നൽകിയ പരാതിയിൽ റുവൈസിന്റെ പിതാവിൻറെ പങ്ക് അന്വേഷിക്കും.

സ്തീധനത്തിനുവേണ്ടി റുവൈസും കുടുംബവും ഷഹനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന് ഷഹനയുടെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം, മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ ഡോ.ഇ.എ.റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍.

ഡോ. ഷഹനയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.