എറണാകുളം:വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

single-img
6 October 2022

എറണാകുളം:വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നു.ആരാണ് ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി ചോദിച്ചു .അപകടത്തെക്കുറിച്ച്‌ പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.അപകടത്തിന്‍റെ വീഡിയോ ദൃശ്യം കോടതി കണ്ടു.

വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് കെഎസ്‌ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിലാണ് 9 മരണം സംഭവിച്ചത് മരിച്ചവരില്‍ 5 പേര്‍ വിദ്യാര്‍ത്ഥികളാണ്.വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ അപകടം ഉണ്ടായത് രാത്രി 11.30 നു ആയിരുന്നു.മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും, 3 കെഎസ്‌ആര്‍ടിസി യാത്രക്കാരും, ഒരു അധ്യാപകനുമാണ്. എല്‍ന ജോസ് (15) , ക്രിസ്‍വിന്‍റ് ബോണ്‍ തോമസ് (15) ,ദിയ രാജേഷ് (15) ,അഞ്ജന അജിത് (17) , ഇമ്മാനുവല്‍ സിഎസ് (17) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. വിഷ്ണു.വി.കെ (33) ആണ് മരിച്ച അധ്യപകന്‍. ദീപു , അനൂപ് , രോഹിത് എന്നിവരാണ് മരിച്ച കെഎസ്‌ആര്‍ടിസിയിലെ യാത്രക്കാര്‍.

എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്. പത്ത് , പതിനൊന്ന് , പന്ത്രണ്ട് ക്‌ളാസ് വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 50 ഓളം പേരാണ് കെഎസ്‌ആര്‍ടിസി ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ നാല്പതോളം പേരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. കൊട്ടാരക്കരയില്‍ നിന്ന് കോയന്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്‌ആര്‍ടിസി ബസ്. പരിക്കേറ്റ നാല്പതോളം പേര്‍ നെന്മാറ അവിറ്റിസ്, പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂര്‍ ക്രസന്റ് ആശുപത്രി , തൃശൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.