കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന് ഇപി ജയരാജൻ

single-img
13 June 2023

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന് ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പരാതിക്കാരൻ പരാതി നൽകിയത്. ജീവിക്കുന്ന തെളിവുകളാണ് സമർപ്പിച്ചത്. അങ്ങനെ വരുമ്പോൾ കേസെടുക്കാതിരിക്കാൻ കഴിയില്ല. കുറ്റം ചെയ്ത ഒരാളെയും സർക്കാർ സംരക്ഷിക്കില്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. 

വിദ്യയെക്കുറിച്ച് നിങ്ങളുടെ കയ്യിൽ എന്തെങ്കിലും വിവരമുണ്ടങ്കിൽ പോലീസിനെ അറിയിക്കൂ എന്നായിരുന്നു വ്യാജ രേഖ ചമച്ച കേസിലെ വിഷയത്തിൽ ജയരാജന്റെ പ്രതികരണം. നിങ്ങളുടെ കയ്യിൽ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കൂ. അത്യന്തം ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ആരെങ്കിലും ഒളിവിൽ പാർപ്പിച്ചതായി അറിഞ്ഞാൽ മാധ്യമങ്ങൾക്കും ചൂണ്ടിക്കാട്ടാം. പ്രതികളെ രക്ഷിക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. 

ഒരു പരാതി വന്നാൽ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും. ഏഷ്യാനെറ്റ്‌ ലെഖിക നിരപരാധി ആണെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകില്ല. തെറ്റ് ചെയ്യാത്തവർ ഭയപ്പെടേണ്ട കാര്യം ഇല്ല. മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാം. അതേസമയം, എം വി ഗോവിന്ദന്റെ പരാമർശത്തിലും ജയരാജൻ പ്രതികരിച്ചു. പൊലീസിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ പറയുക മാത്രമാണ് പാർട്ടി സെക്രട്ടറി ചെയ്തത്. ഭീഷണിയുടെ സ്വരമല്ല ഗോവിന്ദന്റേതെന്നും ജയരാജൻ പറഞ്ഞു. 

അതിനിടെ, സർക്കാർ വിരുദ്ധ എസ്എഫ്ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽ നിന്ന് പിൻവലിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രം​ഗത്തെത്തി. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പാലക്കാട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം ഇന്നും വാദിച്ചു. ദേശീയ മാധ്യമങ്ങളിൽ വിഷയം വലിയ തോതിൽ ചർച്ചയാവുകയും മലയാള ദിനപ്പത്രങ്ങൾ മുഖപ്രസംഗം എഴുതി പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടിനെ വിമർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എംവി ഗോവിന്ദന്റെ നിലപാട് മാറ്റം.