ഇലോണ്‍ മസ്‌ക് പുതിയ നിയമനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നു

single-img
22 November 2022

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടതിന് ശേഷം ഇലോണ്‍ മസ്‌ക് പുതിയ നിയമനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ 7,500 ജീവനക്കാരില്‍ 3700 ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളിലായി മസ്‌ക് പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്ബനി പിരിച്ചുവിടലുകള്‍ പൂര്‍ത്തിയാക്കി വീണ്ടും നിയമനം നടത്തുകയാണെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് പറഞ്ഞു.

ജീവനക്കാരുമായുള്ള ഒരു മീറ്റിംഗില്‍, എഞ്ചിനീയറിംഗ്, സെയില്‍സ് വിഭാഗങ്ങളില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് പകരമായി ട്വിറ്റര്‍ ഇപ്പോള്‍ പുതിയ ജീവനക്കാരെ നിയമിക്കുകയാണെന്നും മസ്‌ക് പറഞ്ഞതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, നിലവിലുള്ള ജീവനക്കാരോട് ഈ സ്ഥാനങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യാനും മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ട്വിറ്റര്‍ പുതിയ റിക്രൂട്ട്മെന്റിനായുള്ള പരസ്യങ്ങളൊന്നും വെബ്സൈറ്റില്‍ നല്‍കിയിട്ടില്ല. കൂടാതെ കമ്ബനിയ്ക്ക് ആവശ്യമുള്ള എഞ്ചിനീയറിംഗിന്റെയോ സെയില്‍സ് പോസ്റ്റുകളുടെയോ പേര് മസ്ക് പറഞ്ഞിട്ടില്ല. അതേസമയം, സോഫ്റ്റ്‌വെയര്‍ മേഖലയിലാണ് കൂടുതല്‍ നിയമങ്ങളുണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ടെസ്‌ലയുടെ ആസ്ഥാനമായ ടെക്‌സാസിലേക്ക് ട്വിറ്ററിന്റെ ആസ്ഥാനം മാറ്റുന്നുവെന്നത് നിലവില്‍ പരിഗണിക്കുന്നില്ല എന്ന് ടെസ്‌ല സിഇഒ കൂടിയായി മസ്‌ക് വ്യക്തമാക്കി. ടെക്‌സാസിലും കാലിഫോര്‍ണിയയിലും ആയിട്ട് രണ്ടിടങ്ങളില്‍ തന്നെയായിരിക്കും കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് മസ്‌ക് വ്യക്തമാക്കി.

ട്വിറ്ററിനെ ലാഭത്തില്‍ ആക്കാന്‍ വേണ്ടി സമയപരിധി പോലുമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം ഇനി ജോലി ചെയ്താല്‍ മതി എന്ന നിലപാടാണ് മസ്ക് സ്വീകരിച്ചിരിക്കുന്നത്. കമ്ബനിയില്‍ തുടരാന്‍ താല്പര്യമുള്ളവര്‍ മസ്ക് മെയില്‍ ചെയ്ത ഗൂഗിള്‍ ഫോമില്‍ നല്‍കിയിരിക്കുന്ന സമ്മതപത്രത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഇതിനു സമ്മതമാണ് എന്ന് രേഖപ്പെടുത്തണം. ഇതോടെ നിരവധി ജീവനക്കാര്‍ രാജി വെച്ചിരുന്നു.