അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് : കെ സുരേന്ദ്രൻ

single-img
5 December 2023

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളെ ഇനിയും വിഡ്ഢികളാക്കാന്‍ അവസരം നല്‍കരുതെന്നും മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ജനങ്ങളെ കബളിപ്പിക്കാതെ 2024 ല്‍ കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒറ്റ മുന്നണിയായി ഇന്ത്യ സഖ്യത്തില്‍ മത്സരിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ രണ്ട് വര്‍ഷമെങ്കിലും കേന്ദ്ര ഭരണം ഏര്‍പ്പെടുത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. അതേപോലെ തന്നെ, ക്രൈസ്തവ സമൂഹമായി ബി.ജെ പി യോജിപ്പ് നടത്തുന്നത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നു.

മണിപൂര്‍ വിഷയം ഉയര്‍ത്തി മിസോറമില്‍ മത്സരിച്ച കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സമൂഹം കള്ള പ്രചാരണങ്ങളെ തള്ളി കളഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസ് , ഈസ്റ്റര്‍ ദിനങ്ങളില്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി ജെ പി സ്‌നേഹ യാത്ര ഇത്തവണയും നടത്തുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു.