എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

single-img
19 April 2023

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യുഎപിഎ ഉള്‍പ്പെടെ ചുമത്തിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനുളള സാധ്യതയില്ല. അതേസമയം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ഷാറൂഖിനെ ഏറ്റെടുക്കാനുളള നടപടികള്‍ക്ക് എന്‍ഐഎ ഇന്ന് ആരംഭിക്കും. പൊലീസ് കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതോടെ ഷാറൂഖിനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.

ഈ മാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എന്‍ഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എന്‍ഐഎ പരിശോധിക്കുക. ഷാറൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടതായി എഡിജിപി പറഞ്ഞു.

സകീര് നായിക്, ഇസ്സാര് അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാറൂഖ് നിരന്തരം കണ്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്. ഈ കുറ്റകൃത്യം ചെയ്യണമെന്നു കരുതി, ആസൂത്രണത്തോടെയാണ് സെയ്ഫി കേരളത്തില് വന്നതെന്നും എഡിജിപി പറഞ്ഞു. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാന ചോദ്യം. ആദ്യമായാണ് സെയ്ഫി കേരളത്തില് വരുന്നത്.

ഷഹീന്‍ബാഗ് മുതല്‍ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികള്‍ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട അന്വേഷണം നടക്കും.